വനാതിർത്തിയിൽ അടിക്കാടുകൾ തെളിക്കാൻ തുടങ്ങി

എരുമേലി : വന്യജീവിശല്യം നേരിടുന്ന കാരിശ്ശേരിയിൽ വനാതിർത്തിയിലെ അടിക്കാടുകൾ തെളിക്കാൻ തുടങ്ങി. പക്കാനം-മമ്പാടി ഭാഗത്ത് റോഡരികും ജനവാസമേഖലയുടെ അതിർത്തിയിലുമാണ് 10 മീറ്റർ വീതിയിൽ അടിക്കാട് തെളിക്കുന്നത്. പാക്കാനം എസ്.എച്ച്.ജിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടത്തുന്നതെന്ന് എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷ് പറഞ്ഞു.

എരുമേലി പഞ്ചായത്തിൽ വനാതിർത്തി ഉൽപ്പെടുന്ന കാരിശ്ശേരി വാർഡിൽ കാരിശ്ശേരി, മമ്പാടി പാക്കാനം പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി, പ്രദേശവാസികൾ ഭീതിയിലായത് സംബന്ധിച്ച് 'മാതൃഭൂമി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിരവധി വീടുകളിലെ വളർത്തുനായ്‌ക്കളെ കൊന്നനിലയിലും കാണാതാവുകയും ചെയ്തതോടെ പുലിയുടെ ആക്രമണഭീതിയിലായി നാട്. ബൈക്ക് യാത്രികന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ സംഭവം കൂടിയുണ്ടായതോടെ നാട് ഭീതിയിലായി. 'മാതൃഭൂമി' വാർത്തയ്‌ക്കൊപ്പം പഞ്ചായത്തംഗം പി.കെ. മോഹൻ വനപാലകരെ പരാതി അറിയിക്കുകയും പ്രദേശത്ത് വനപാലകരും ജനപ്രതിനിധികളും ചേർന്ന് പ്രദേശവാസികളുടെ യോഗം വിളിച്ച് അടിയന്തിര പരിഹാരം ഉറപ്പ് നൽകിയിരുന്നു. വന്യമൃഗശല്യം തടയാൻ സോളാർ ഫെൻസിങ് കാര്യക്ഷമമാക്കി. വനാതിർത്തിയിലെ കിടങ്ങുകളിൽ കെട്ടിക്കിടന്ന വെള്ളം പമ്പുചെയ്ത് കളഞ്ഞ് അപകടഭീതി ഒഴിവാക്കി.

ഇതിന്റെ തുടർച്ചയായാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്കിറങ്ങാതെ വനാതിർത്തിയിൽ 10 മീറ്റർ വീതിയിൽ അടിക്കാട് തെളിക്കുന്നത്. പ്രദേശത്തെ പാതയോരവും ജനവാസമേഖല പങ്കിടുന്ന വനാതിർത്തിയും മൃഗങ്ങൾ എത്തിയാൽപ്പോലും കാണാനാകാതെ കാടുമൂടിയ നിലയിലായിരുന്നു.