നാടൻരുചിയുടെയും കാർഷിക വൈവിധ്യങ്ങളുടെയും വിസ്മയമായി കാർഷികോത്സവം

മേലുകാവുമറ്റം : കാർഷിക സംസ്‌കാരത്തിന്റെയും മലയോര ഗ്രാമീണ പാരമ്പര്യത്തിന്റെയും തനിമ വിളിച്ചോതി സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക നടത്തുന്ന കാർഷികോത്സവം ശനിയാഴ്ച സമാപിക്കും. മലയോരമേഖലയുടെ തനതായ ഭക്ഷണവിഭവങ്ങളും നാടൻരുചികളും കാർഷികോത്സവത്തിന്റെ പ്രധാന ആകർഷണമായി മാറി. കപ്പയും മീനും, മീൻകറിയും എണ്ണ ചേർക്കാതെ തയ്യാറാക്കുന്ന പുഴുങ്ങിയ നാടൻവിഭവങ്ങളും ഉൾപ്പെടെയുള്ള ഭക്ഷണവൈവിധ്യങ്ങൾ ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്.

40 സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ, നാടൻ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, പഴമയും ചരിത്രവും വിളിച്ചോതുന്ന പുരാവസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിപണനവും മേളയ്ക്ക് വേറിട്ട മുഖം നൽകുന്നു. കൃഷിയിൽ നിർമിതബുദ്ധിയുടെ സാധ്യതകളും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല കുമരകം അസോസിയേറ്റ് പ്രൊഫ. ഡോ. കെ.അജിത്ത് ക്ലാസ് നയിച്ചു.

മിശ്രകൃഷിയുടെ സാധ്യതകളും സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ കൃഷിവകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ വിഷയാവതരണം നടത്തി. പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണവും നടന്നു.

കാർഷികോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച നടന്ന മീൻകറി, അച്ചാർ മത്സരങ്ങൾ സന്ദർശകരുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചു. മീൻകറി മത്സരത്തിൽ ജെസ്സി ജേക്കബ് ഒന്നാം സ്ഥാനവും ജോമോൾ ജിന്റോ രണ്ടാം സ്ഥാനവും മേഴ്‌സി തോമസ് മൂന്നാം സ്ഥാനവും നേടി.

ചുവന്ന മാങ്ങാ അച്ചാർ മത്സരത്തിൽ സൂസന്നാമ്മ ജോണി ഒന്നാംസ്ഥാനവും അജി ജോൺ രണ്ടാം സ്ഥാനവും മേഴ്‌സി ജോസ് മൂന്നാംസ്ഥാനവും നേടി. വെള്ള മാങ്ങാ അച്ചാർ മത്സരത്തിൽ മേഴ്‌സി ജോസ് ഒന്നാംസ്ഥാനവും സൂസമ്മ ജൂബി രണ്ടാംസ്ഥാനവും ഷേർളി സാം മൂന്നാംസ്ഥാനവും നേടി.

ശനിയാഴ്ച മൂന്നിന് സമാപനസമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും. സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റർ റവ. വി.എസ്. ഫ്രാൻസിസ് അധ്യക്ഷതവഹിക്കും. സമ്മേളനത്തിൽ കർഷകരെയും കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങളെയും ആദരിക്കുന്നതിനുള്ള വിവിധ പുരസ്‌കാരങ്ങൾ വിതരണംചെയ്യും.