കോട്ടയം കൈനീട്ടി; കടലോരത്തേക്ക്...

ഏറെനാൾ അക്കരെയിക്കരെ നോക്കിനിന്നശേഷമാണ് കോട്ടയവും ആലപ്പുഴയും പരസ്പരം തൊട്ടത്. രണ്ട് ജില്ലകളുടെയും വളർച്ചയ്ക്ക് താങ്ങായിമാറിയ രണ്ട് പാതകൾ-തണ്ണീർമുക്കം ബണ്ടും എ.സി. റോഡും. ഇപ്പോഴിതാ, വടക്കേയറ്റത്തെ ചേർത്തുപിടിച്ച് നേരേകടവിൽ പുതിയ പാലവും ...
കോട്ടയം: കേരളം പിറക്കുമ്പോൾ ആലപ്പുഴയും കോട്ടയവും കരയിലൂടെ കൈകോർത്തിരുന്നില്ല. സദാ മുറുക്കിത്തുപ്പി ഉമ്മറത്തിരിക്കുന്ന അമ്മായിയെപ്പോലെ ഇരുകരകളുടെയും പ്രണയ മോഹങ്ങൾക്കിടയിൽ വേമ്പനാട്ടുകായൽ കാലുംനീട്ടി കാവലിരുന്നു.
ഇടുക്കിയിലെയും കോട്ടയത്തെയും മലഞ്ചരക്കുകൾ അടക്കമുള്ള സാമഗ്രികൾ ആലപ്പുഴയിലെത്തിച്ച് വേണമായിരുന്നു വഴി കടൽകടന്നു പോകേണ്ടത്. ആലപ്പുഴയിലെ കയറും മറ്റും കിഴക്കൻ നാടുകളിലേക്കും മല കയറി.
അതൊക്കെയും കെട്ടുവള്ളങ്ങളുടെ കൂട്ടുപിടിച്ചായിരുന്നു. എന്നാൽ പിന്നെയൊരിക്കൽ കായൽ ഓളങ്ങളുടെ കണ്ണുവെട്ടിച്ച് ഇരുകരകളും പരസ്പരം കൈകോർത്തു. തണ്ണീർമുക്കംബണ്ടും ആലപ്പുഴ–ചങ്ങനാശ്ശേരി (എ.സി.) റോഡും യാഥാർഥ്യമായതോടെ ഇണപിരിയാത്തവരായി മാറി, ആലപ്പുഴയും കോട്ടയവും.
ഇപ്പോഴിതാ ബന്ധം ഉറപ്പിക്കാൻ മൂന്നാമതൊരു പാലവും; മാക്കേക്കടവിൽനിന്ന് വൈക്കത്തേക്ക്.
വേമ്പനാടിന്റെ തിരമുറിച്ച് ഒരു പാലം; തണ്ണീർമുക്കംബണ്ട്
: കോട്ടയം ജില്ലയിലെ വെച്ചൂരിനെയും ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്തെയും ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ട് ഇന്ത്യയിലെ തന്നെ വലിയ റഗുലേറ്ററുകളിൽ ഒന്നാണ്. കുട്ടനാടൻ പുഞ്ചക്കൃഷിയെ ഉപ്പുവെള്ളക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുക, കർഷകർക്ക് രണ്ടാം വിള ഇറക്കാൻ പാകത്തിൽ ശുദ്ധജലം ലഭ്യമാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കുട്ടനാട് വികസനപദ്ധതിയുടെ ഭാഗമായാണ് ഇത് വിഭാവനം ചെയ്തത്. 1960-കളിൽ നിർമാണം തുടങ്ങി. 1974-ഓടെ പൂർത്തിയായി. 1976-ൽ ഭാഗികമായി കമ്മിഷൻചെയ്തു. പിന്നീട് മൂന്നാംഘട്ട നിർമാണവും മേൽപ്പാലവും പൂർത്തിയായി. ബണ്ടിനുമുകളിലൂടെയുള്ള വാഹനഗതാഗതം സാധ്യമായതോടെ മിനിറ്റുകൾക്കുള്ളിൽ അക്കരെയിക്കരെ യാത്ര സാധ്യമായി. കടത്തുവള്ളത്തിനായുള്ള മണിക്കൂറുകളുടെ കാത്തുനിൽപ്പ് അതോടെ പഴങ്കഥയായി. വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവായി. കൊച്ചിയും ആലപ്പുഴയും കണ്ടുമടങ്ങിയിരുന്ന വിദേശികൾ കുമരകത്തേക്കും കുമളിയിലേക്കും വണ്ടികയറി. അതോടെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ കുട്ടനാട് ഇടംനേടി. ആലപ്പുഴയിലെ കയർമേഖലയ്ക്കും ഗുണകരമായി. ആലപ്പുഴയ്ക്കു കിട്ടിയ ചികിത്സാസൗകര്യമാണ് എടുത്തുപറയേണ്ട കാര്യം.
ആലപ്പുഴ മെഡിക്കൽ കോളേജ് വരുന്നതിനുമുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആയിരുന്നു പ്രധാന ആശ്രയം. ഇന്നും ചേർത്തല താലൂക്കിലുള്ളവർ ചികിത്സയ്ക്കായി എത്തുന്നത് കോട്ടയം മെഡിക്കൽ കോളേജിലാണ്. ബണ്ട് ഉപ്പുവെള്ളത്തെ പ്രതിരോധിച്ചതോടെ നെൽക്കൃഷിയിൽ ഉത്പാദനക്ഷമത വർധിച്ചു, കർഷകരുടെ വരുമാനം കൂടി. എങ്കിലും കായലിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടത് പോളശല്യത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ടെന്നത് കാണാതിരിക്കാനാകില്ല.
മത്സ്യസമ്പത്തിൽ കുറവുണ്ടാകുന്നു എന്ന് മത്സ്യത്തൊഴിലാളികളും പരാതിപ്പെടുന്നു.
എ.സി. റോഡ്-വ്യാപാരത്തിന്റെ വഴിതുറന്നപ്പോൾ
: ആലപ്പുഴ കടലോരത്തെയും ചങ്ങനാശ്ശേരിയെയും ബന്ധിപ്പിക്കുന്ന 24 കിലോമീറ്റർ നീളുന്ന പാതയാണ് എ.സി. റോഡ്. 1950-കളുടെ അവസാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെയും പൊതുമരാമത്തുവകുപ്പിന്റെയും ദീർഘവീക്ഷണത്തിലാണ് ഈ റോഡിന്റെ നിർമാണം ആരംഭിക്കുന്നത്. ചേന്നംകരി, മങ്കൊമ്പ്, രാമങ്കരി തുടങ്ങിയ ചേറും വെള്ളവും നിറഞ്ഞ കുട്ടനാടൻ മണ്ണിലൂടെ ചെളിപാകി ഉറപ്പിച്ച് റോഡ് വെട്ടിയെടുക്കുക എന്നത് അന്നത്തെ സാങ്കേതികവിദ്യയിൽ വലിയൊരു വെല്ലുവിളിയായിരുന്നു.
കോടികൾ ചെലവിട്ടായിരുന്നു നിർമാണം. ശബരിമലയാത്രയിലും മാറ്റം സൃഷ്ടിച്ച പാത കുട്ടനാടിന്റെ മുഖച്ഛായമാറ്റി. കോട്ടയംകാർക്ക് അധികം വളഞ്ഞു ചുറ്റാതെ ആലപ്പുഴയിലേക്ക് പോയിവരാമെന്നായി. പുതുതലമുറയാകട്ടെ, റീൽസിലൂടെ വൈറലായ വെളിയനാടിന്റെ സായന്തനസൗന്ദര്യം തേടി വണ്ടിപായിച്ചു. കുട്ടനാടൻ ഷാപ്പുകളിലെ കറിരുചികൾ നാവിലേറ്റി.
പാത, കാലവർഷത്തിൽ വെള്ളത്തിനടിയിലാകുന്നതായിരുന്നു നിത്യപ്രശ്നം. ഇത് പരിഹരിക്കാൻ 'റീബിൽഡ് കേരള' പദ്ധതിയിലുൾപ്പെടുത്തി അടുത്തിടെ എലിവേറ്റഡ് ഫ്ലൈഓവറുകളും പാലങ്ങളും ഉൾപ്പെടുത്തി 670 കോടിയിലധികം രൂപ ചെലവിൽ സെമി-എലിവേറ്റഡ് പാതയായി നവീകരിച്ചു.
നേരേ കടക്കാം...
: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം രണ്ടാഴ്ചമുമ്പ് മാക്കേക്കടവ്-നേരേകടവ് പാലം തുറന്നതോടെ ആലപ്പുഴയും കോട്ടയവും ഒന്നുകൂടി അടുത്തു. അക്കരെയുള്ളവർക്ക് ശബരിമല യാത്രയ്ക്ക് നേരേ കടന്നുപോകാം. അഷ്ടമിനാളുകളിൽ രാപകലില്ലാതെ വൈക്കത്തേക്ക് വണ്ടികയറാം. പാലായും തൊടുപുഴയുമൊക്കെ ഇനി തുറവൂരിന്റെയും അരൂരിന്റെയും അയൽക്കാരാണ്. നല്ലൊരു വഴികൂടി തെളിഞ്ഞാൽ ഇരുകരകൾക്കും വരാനിരിക്കുന്നത് വൻ വികസനം.