കോസ്‌വേകളിൽ കൈവരിനിർമാണം തുടങ്ങി

എരുമേലി : വെള്ളപ്പൊക്കത്തിൽ കോസ്വേകളുടെ കൈവരികൾ പൂർണമായി തകരുന്നത് തടയാൻ ഓരോ സ്പാനുകളിലുമായി കൈവരികൾ സ്ഥാപിക്കും. പഴയിടം, ഓരുങ്കൽക്കടവ്, മൂക്കംപെട്ടി, മുണ്ടക്കയം കോ​സ്‌വേകളുടെ കൈവരികളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്.

പഴയിടം, ഓരുങ്കൽക്കടവ് കോസ്‌വേകളുടെ കൈവരിസ്ഥാപിക്കാൻ 24 ലക്ഷം രൂപയും മൂക്കൻപെട്ടി, മുണ്ടക്കയം കോസ്‌വേകളുടെ കൈവരികൾ സ്ഥാപിക്കാൻ 16 ലക്ഷം രൂപയുമാണ് പദ്ധതിത്തുക.

ഒാരുങ്കൽക്കടവ്, മുണ്ടക്കയം കോസ്‌വേകളുടെ കൈവരി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. മറ്റ് രണ്ടിടത്ത് ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാർ പറഞ്ഞു. മുൻപ് കോസ്‌വേയുടെ ഇരുഭാഗത്തുമായി ഒറ്റനീളത്തിലായിരുന്നു കൈവരികൾ. ഇവ ഊരിമാറ്റാനാവുന്ന നിലയിലായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ പലപ്പോഴും ഊരിമാറ്റാനാകുമായിരുന്നില്ല. പ്രളയത്തിൽ കൈവരികൾ തകരുന്നതിനൊപ്പം പുനഃക്രമീകരിക്കാൻ കഴിയാത്ത നിലയിലായിരുന്നു. കോസ്‌വേയുടെ ഓരോ സ്പാനിലുമായി കൈവരികൾ സ്ഥാപിക്കുന്നതിലൂടെ, വെള്ളപ്പൊക്കം ഉണ്ടായാലും കൈവരികൾ പൂർണമായി തകരാനുള്ള സാധ്യത കുറയും. ഓരോ സ്പാനിലും കോൺക്രീറ്റ് ബെൽറ്റും ഇടവിട്ട് കോൺക്രീറ്റ് തൂണും നിർമിച്ച് ഇരുമ്പുപൈപ്പ് സ്ഥാപിക്കും.