ദർശനപുണ്യദിനങ്ങളിലേക്ക് മള്ളിയൂർ

വിനായകചതുർഥി വിശേഷം
മള്ളിയൂർ : വൈഷ്ണവ ഗണപതിക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവം പ്രധാന ദിനങ്ങളിലേക്ക്. മേളപ്പകലിന്റെ ഞായർ, വിനായക ചതുർഥിയുടെ തിങ്കളും കഴിഞ്ഞ് ചൊവ്വാഴ്ച ആറാട്ടോടെ സമാപിക്കും.
ഞായറാഴ്ച രാവിലെ 7.30-ന് ശ്രീബലി എഴുന്നള്ളത്ത്. ചോറ്റാനിക്കര വിജയൻ മാരാർ നേതൃത്വം നൽകുന്ന പഞ്ചവാദ്യത്തിൽ തിമില, ഇലത്താളം, കൊമ്പ്, ഇടയ്ക്ക, മദ്ദളം എന്നിവയിലായി 42 കലാകാരന്മാർ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദർശനം. വൈകീട്ട് അഞ്ചിന് ഇരട്ടത്തായമ്പകയും ഏഴിന് ചെറിയ വിളക്കും. വിശേഷാൽ ദീപാരാധനയ്ക്കുശേഷം കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശ്ശേരി കുട്ടൻമാരാർ എന്നിവർ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും.
തിങ്കളാഴ്ച വിനായക ചതുർഥിദിനത്തിൽ രാവിലെ 5.30-ന് 10,008 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടങ്ങും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് മുഖ്യകാർമികൻ. അഞ്ചുമണിക്കൂർ ഹോമാഗ്നികുണ്ഠത്തിൽ സർവവിഘ്‌നങ്ങളും അകറ്റാൻ നിലയ്ക്കാത്ത മന്ത്രോച്ചാരണത്തോടെയുള്ള സമർപ്പണം. രാവിലെ 10.30-ന് ഗജപൂജയും ആനയൂട്ടും. കേരളത്തിലെ തലയെടുപ്പുള്ള 12 ഗജപ്രമാണിമാർ ആനയൂട്ടിൽ പങ്കെടുക്കും.
11-ന് മഹാഗണപതിഹോമ ദർശനം. ക്ഷേത്രാങ്കണത്തിലെ ഹോമകുണ്ഡത്തിന് മുന്നിൽ തൊഴുതു പ്രാർഥിക്കാം. വലിയ ശ്രീബലിക്ക് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 120 കലാകാരന്മാർ പങ്കെടുക്കുന്ന മേളം. വൈകീട്ട് ഗണേശമണ്ഡപത്തിൽ നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കറിന്റെ നാഗസ്വരക്കച്ചേരി.
ശനിയാഴ്ച കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ ഗണേശമണ്ഡപത്തിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരം എൻ. സമ്പത്ത് (വയലിൻ), ബി. ശിവരാമൻ (മൃദംഗം), തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ (ഘടം) എന്നിവർ പക്കമേകി.
ക്ഷേത്രത്തിൽ ഇന്ന്
ശ്രീബലി എഴുന്നള്ളത്ത്, നാഗസ്വരം-വൈക്കം ഹരീന്ദ്രശ്യാം, തവിൽ- ക്ഷേത്രകലാപീഠം നന്ദനു, പഞ്ചവാദ്യം-ചോറ്റാനിക്കര വിജയൻ മാരാർ, ചെർപ്പുളശ്ശേരി ശിവൻ, മേളം-ശ്രീജിത്ത് പങ്ങട 7.30, വിശേഷാൽ നവക-പഞ്ചഗവ്യം അഭിഷേകം 10.30, ഉത്സവബലി 11.00, ഉത്സവബലി ദർശനം 12.30, ഇരട്ടത്തായമ്പക-വെന്നിമല നന്ദഗോപൻ, വെന്നിമല അനന്തകൃഷ്ണൻ 5.00, മുളപൂജ 6.30, ചെറിയവിളക്ക്-തവിൽ നാഗസ്വരം, പഞ്ചവാദ്യം-വിഷ്ണു ചെങ്ങന്നൂർ, പഞ്ചാരിമേളം-കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ 7.00, മേജർ സെറ്റ് പഞ്ചവാദ്യം 9.00
ഗണേശമണ്ഡപത്തിൽ ഇന്ന്
ഭരതനാട്യം-ഡി. പ്രതിമ, ചെന്നൈ 7.00, രൂപേഷ് കെ.സി. ആരംഗം, ബെംഗളൂരു 8.05, നൃത്താർച്ചന-രജിത ചന്ദ്രൻ, സ്‌പന്ദന സ്‌കൂൾ ഓഫ് ഡാൻസ് ബെംഗളൂരു 9.10, ഭരതനാട്യം-ഭാവന ഉദയകാന്തി സമന്വയ ഡാൻസ് അക്കാദമി, ബെംഗളൂരു 10.15, തിരുവാതിര-ശ്രീപാർവതി തിരുവാതിരസംഘം വെന്നിമല പാമ്പാടി 11.20, ഭരതനാട്യം-അമൃത, ചെന്നൈ 11.55, ഹേമ, ബെംഗളൂരു 1.05, സിമി ഗോപാലൻ തരംഗ് അക്കാദമി ബെംഗളൂരു 2.10, രോഹിണി ആനന്ദ്, ബെംഗളൂരു 3.15, മോഹിനിയാട്ടം-ശ്രീജ ശ്രീകാന്ത്, ബെംഗളൂരു 4.20, ഭരതനാട്യം-രേവതി ശ്രീനിവാസരാഘവൻ, നൃത്യരഞ്ജിനി ഫൈൻ ആർട്‌സ് അക്കാദമി മുംബൈ 5.25.