തിങ്ങിഞെരുങ്ങി മണിമല ബസ്‌സ്റ്റാൻഡ്

മണിമല : അൻപതുവർഷം മുൻപ് നിർമിച്ച ബസ്‌സ്റ്റാൻ‍ഡിൽ പിന്നീട് വികസനമെത്താതിരുന്നതിനെ തുടർന്ന് ബസുകൾ തിരിക്കാനും പാർക്കുചെയ്യാനും ബുദ്ധിമുട്ടാകുന്നു. ബസുകൾ ഇറങ്ങി പോകേണ്ട ഭാഗത്ത് രണ്ട് ബസ് കിടന്നാൽ പിന്നീട് എത്തുന്ന ബസുകൾക്ക് സ്റ്റാൻഡിൽ കയറിയിറങ്ങി പോകാൻ പറ്റാത്ത സ്ഥിതിയുണ്ട്.

ഇതുമൂലം പല ബസുകളും സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തി ആളെ കയറ്റിയിറക്കുന്ന സ്ഥിതിയാണ്.

കാഞ്ഞിരപ്പള്ളി- മണിമല റോഡുപണി നടക്കുന്നതിന്റെ പേരിൽ കാഞ്ഞിരപ്പള്ളിയിലേക്ക് പോകേണ്ട പല ബസുകളും മണിമലവരെ സർവീസ് നടത്തിയശേഷം മണിമല ബസ്‌സ്റ്റാൻഡിൽ പാർക്ക് ചെയ്യുകയാണ്.

ഇതും ബസുകൾ തിങ്ങിഞെരുങ്ങാൻ കാരണമാകുന്നുണ്ട്.

ബസ്‌സ്റ്റാൻഡ് വികസനത്തിന് നിർമിച്ച മൈതാനിയിൽ 12 കടമുറികൾ പഞ്ചായത്ത് നിർമിച്ചു. ഈ വ്യാപാരസമുച്ചയം വന്നതോടെ മൈതാനി ബസ് സ്റ്റാൻഡ് വികസനത്തിന് അനുയോജ്യമല്ലാതായി.

നിലവിലെ ബസ്‌സ്റ്റാൻഡിലെ ഷോപ്പിങ്‌ കോംപ്ലെക്‌സും ബസ് കാത്തിരിപ്പുകേന്ദ്രവും പൊളിച്ചുമാറ്റാൻ തീരുമാനമുണ്ടെങ്കിലും കെട്ടിടം പൊളിച്ചു മാറ്റിയാലും കാര്യമായ പ്രയോജനം ലഭിക്കില്ല.

നിലവിലെ ബസ്‌സ്റ്റാൻഡും വ്യാപാര സമുച്ചയം നിർമിച്ച മൈതാനിയുംകൂടി ബസ് പാർക്കിങ്ങിനുംകൂടി ഉപയോഗിച്ചാൽ തിരക്ക് ഒഴിവാക്കാനാകും.