തുറക്കുന്നു കോട്ടയത്തിന്റെ പുതിയപാലം

ഉദ്ഘാടനം നവംബർ 10-ന്
കോട്ടയം : എം.സി. റോഡിലെ കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നവംബർ 10-ന് നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടനം മന്ത്രി പി.കെ. ബഷീർ നിർവഹിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. വീതികുറവായ പഴയ പാലത്തിലൂടെ വാഹനത്തിരക്കുമൂലം കോടിമത ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പാലം നിർമിച്ചത്.
യു.ഡി.എഫ്. ഭരണകാലത്ത് 2014-ലാണ് പാലം നിർമാണ കരാർ നൽകിയത്. അന്ന് 10-കോടി രൂപയ്ക്കായിരുന്നു ആദ്യ കരാർ. സമീപനപാതയ്ക്കും മറ്റും സ്ഥലം ഏറ്റെടുക്കാൻ വൈകിയതോടെ പണി മുടങ്ങി. സമീപനപാതയിലെ പുറമ്പോക്കിലെ രണ്ട് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതും വൈകി. 2017-ജൂണിൽ നിർമാണം നിർത്തിവെച്ചു. പഴയനിരക്കിൽ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന കാരണത്താൽ കരാറുകാരൻ പിൻവാങ്ങി. പിന്നീട് സന്നദ്ധസംഘടന ഇടപെട്ടാണ് കുടുംബങ്ങളെ ഒഴിപ്പിച്ചത്. തുടർന്ന് സമീപനപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ നിരന്തര ഇടപെടലിലാണ് പണി പൂർത്തിയാക്കാൻ പൊതുമരാമത്തുവകുപ്പ് തീരുമാനിച്ചത്. എം.സി. റോഡ് നവീകരിച്ചതോടെ ജലഗതാഗതം തടസ്സപ്പെടാത്തവിധം ഉയരംകൂടിയ പാലമാണ് പുതിയതായി പൂർത്തിയാക്കിയത്.പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 15.49 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
128 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം നിർമിച്ചതോടെ, വീതി കുറഞ്ഞ പഴയപാലത്തിലൂടെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും.
പാലം തുറക്കുന്നതിന് മുന്നോടിയായി സീബ്രാലൈനുകളും റിഫ്ളക്ടറുകളും സജ്ജമാക്കി അപ്രോച്ച് റോഡിന്റെ ടാറിങ് ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ശബരിമല സീസൺ ആരംഭിക്കുന്നതിനുമുമ്പ് പാലം തുറക്കാനാകുന്നത് അയ്യപ്പഭക്തർക്കും വലിയ അനുഗ്രഹമാകും. നിലവിൽ പഴയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പകുതിയോളം ഭാഗം താഴ്ന്നനിലയിലായതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ നിലവിൽ വാഹനങ്ങൾ വേഗംകുറച്ചാണ് കടന്നുപോകുന്നത്.
പുതിയപാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോൾ നിലവിലെ പാലത്തിന്റെ പുനർനിർമാണം ആരംഭിക്കാനാണ് അധികൃതർ ലക്ഷമിടുന്നത്.