സുരക്ഷാ ക്രമീകരണങ്ങളില്ല; അത്ര എളുപ്പമല്ല എൻ.എസ്.എസ്. പടി കടക്കാൻ

കറുകച്ചാൽ : എൻ.എസ്.എസ്.പടി ഭാഗത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. നാല് ഭാഗത്തുനിന്നുള്ള റോഡുകൾ ചേരുന്ന കവലയിൽ ഗതാഗത ക്രമീകരണമില്ല. സ്കൂളുകൾ, ആശുപത്രി, ഹോസ്റ്റൽ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കായി ആയിരത്തോളം ആളുകളാണ് ഇവിടെ എത്തുന്നത്. ഒരു ബസ് നിർത്തിക്കഴിഞ്ഞാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. രാവിലെയും വൈകീട്ടും വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ തിരക്കാണ്. ഇവിടെ എത്തുന്നവരുടെ വാഹനങ്ങളും. നിയന്ത്രണങ്ങളൊന്നും തന്നെ ഇല്ലാത്തതിനാൽ വാഹനങ്ങൾക്ക് അമിതവേഗമാണ്. ഇതിനിടയിലൂടെ വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. ആകെയുള്ള സീബ്രാവരകൾ ഒഴിച്ചാൽ ഇവിടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ല.
നിയന്ത്രണമില്ലാതെ
പാലമറ്റം റോഡിൽനിന്നും വാഴൂർ റോഡിലേക്ക് പ്രവേശിക്കുമ്പോൾ അപകടസാധ്യത കൂടുതലാണ്. ഇരുവശത്തും കെട്ടിടങ്ങളുള്ളതിനാൽ വാഴൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാൻ കഴിയില്ല. കറുകച്ചാൽ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ പാലമറ്റം റോഡിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ടാണ്. ശ്രദ്ധ ഒന്ന് തെറ്റിയാൽ കൂട്ടിയിടിക്കും. നിരവധി അപകടങ്ങളുണ്ടായിട്ടും വേഗനിയന്ത്രണ-സുരക്ഷാ സംവിധാനങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല. റംബിൾ സ്ട്രിപ്പുകളോ മറ്റ് ക്രമീകരണങ്ങളോ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.