പ്രസിഡന്റേ, കേൾക്കാമോ...?

തലയോലപ്പറമ്പ്: പഞ്ചായത്ത് പ്രസിഡന്റ് ഈയിടെയായി പലതും കേൾക്കുന്നില്ലെന്ന് അടുത്തുനിന്ന് പഞ്ചായത്തംഗം അടക്കംപറഞ്ഞു. ഇതുകേട്ട് ചിരിയോടെ ഓഡിയോളജിസ്റ്റിന് മുന്നിലെ കസേരയിൽ പ്രസിഡന്റിരുന്നു.
വടയാർ പെഗാസസ് ക്ലബ്ബിന്റെ 30-ാം വാർഷികത്തിന്റെ ഭാഗമായി ശബ്ദ ഹിയറിങ് എയ്ഡ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ കേൾവി പരിശോധന ക്യാമ്പിൽ ആദ്യ പരിശോധനയ്ക്ക് വിധേയനായി പരിപാടി പ്രസിഡൻറ് ജോസ് വേലിക്കകം ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി എം.എൽ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ സി.പി.ആർ. പരിശീലനവും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തംഗം എം. അനിൽകുമാർ മത്സരവിജയികൾക്ക് സമ്മാനം നൽകി. ക്ലബ് സെക്രട്ടറി വിനോദ് പാനാപുര, അനിൽ നായർ, കെ.കെ. രാധാകൃഷ്ണൻ, അഡ്വ. ആൽബർട്ട്, ഓഡിയോളജിസ്റ്റ് ടിനി മാത്യു എന്നിവർ പ്രസംഗിച്ചു.
Content Highlights: Thalayolaparambu panchayat president Jose Velikkakam inaugurated a free hearing test camp organised by the Vadayar Pegasus Club.