സീഡ് ഫാമിലെ കൃഷി ചെട്ടിയാർകോണത്തെ തലക്കുളം നിർമാണം പൂർത്തിയായി

കടയ്ക്കൽ : സർക്കാർ ഭൂമിയിലെ നെൽപ്പാടങ്ങൾ നനയ്ക്കാനുള്ള വെള്ളമെത്തിക്കുന്ന തലക്കുളത്തിന്റെ നിർമാണം പൂർത്തിയായി. കടയ്ക്കലിലെ സർക്കാർ വിത്തുത്‌പാദന കേന്ദ്രത്തിലെ (സ്റ്റേറ്റ് സീഡ് ഫാം) 25 ഏക്കർ നെൽപ്പാടങ്ങളിലെ കൃഷിക്കായി ചെട്ടിയാർകോണത്ത് നിർമിച്ച തലക്കുളത്തിന്റെ നിർമാണമാണ് പൂർത്തിയായത്.

ജില്ലാപഞ്ചായത്ത്, മണ്ണുസംരക്ഷണവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിപ്രകാരം 35 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നിർമിച്ചത്. ഫാമിലെ എഫ്-ബ്ലോക്കിലെ നിലങ്ങൾക്കാണ് പ്രധാനമായും ഇതിൽനിന്നുള്ള വെള്ളം പ്രയോജനപ്പെടുന്നത്. ഇതോടെ ഫാമിലെ ജലദൗർലഭ്യത്തിന് ഒരു പരിധിവരെ പരിഹാരമാകും.

നേരെത്തേ ഇവിടെയുണ്ടായിരുന്ന ചെറുകുളത്തിലെ വെള്ളമാണ് എഫ്-ബ്ലോക്കിലെ കൃഷിക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് വളരെ പരിമിതമായിരുന്നു. തുടർന്നാണ് പുതിയ കുളം നിർമിച്ചത്. പൂർത്തിയായ കുളത്തിന് സംരക്ഷണവേലിയും നിർമിക്കും. താഴെയുള്ള പാടങ്ങളിൽ വെള്ളമെത്തിക്കുന്നതിനുള്ള ചാലുകളും ഒരുക്കും.

മുൻപ് മണലിയിൽ കുളത്തിൽനിന്നുള്ള വെള്ളമാണ് സീഡ് ഫാമിലെ കൃഷിക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ വർഷങ്ങളായി കുളം പരിപാലനമില്ലാതെ കിടന്നതിനാൽ ഇതും സാധ്യമല്ലായിരുന്നു. ഇപ്പോൾ മണലിയിൽ കുളത്തിന്റെ നവീകരണവും പൂർത്തിയായി.

സീഡ് ഫാമിന്റെ വിവിധ ഭാഗങ്ങളിലുള്ള നാലോളം കുളങ്ങളുടെ നവീകരണംകൂടി നടപ്പാക്കിയാൽ ഫാമിലെ നെൽക്കൃഷിക്കും മറ്റ് കൃഷികൾക്കും ഉൾപ്പെടെ ജലലഭ്യത പൂർണമായും ഉറപ്പാക്കാനാകും.