മുതുപിലാക്കാട്ട് സമാധാനസന്ദേശയാത്ര

ശാസ്താംകോട്ട : മുതുപിലാക്കാട് പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരേ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പാർഥസാരഥിക്ഷേത്രത്തെ സംഘർഷഭൂമിയാക്കരുതെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം കമ്മിറ്റി സമാധാന സന്ദേശയാത്ര നടത്തി.
ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി അടിച്ചുതകർത്തതുൾപ്പെടെയുള്ള കേസുകളിൽ അന്വേഷണം ഊർജിതമാക്കി യഥാർഥ പ്രതികളെ കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഉല്ലാസ് കോവൂർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഗോപൻ പെരുവേലിക്കര അധ്യക്ഷനായി.
നിയോജകമണ്ഡലം മുൻ ചെയർമാൻ ഗോകുലം അനിൽ, പി. നൂറുദീൻകുട്ടി, തുണ്ടിൽ നൗഷാദ്, പി.കെ. രവി, വൈ. ഷാജഹാൻ, അനിൽ പനപ്പെട്ടി, എം.വൈ. നിസാർ, സനൽ ഗോകുലം, ബീനകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.