കണ്ണങ്കാട്ട് പാലം നിർമാണം; തടസ്സങ്ങൾ ഒഴിയുന്നു

മൺറോത്തുരുത്ത് :സർക്കാർ മാറിയതിനെത്തുടർന്ന് കണ്ണങ്കാട്ട് പാലത്തിന്റെ പണി തുടങ്ങുന്നതിലെ ആശങ്കകളൊഴിഞ്ഞു. ലഭിച്ച ബിഡുകൾ തുറന്നുപരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കാൻ സർക്കാർ തീരുമാനം എടുത്തതോടെയാണിത്. കെ.ആർ.എഫ്.ബി.യാണ് പാലത്തിന്റെ നിർമാണനിർവഹണ ഏജൻസി. ഭരണാനുമതിലഭിച്ച് ഒരു പതിറ്റാണ്ടോളമായിട്ടും തടസ്സങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായെത്തിയത് പാലംപണി നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതികാനുമതിയും വൈകിയതാണ് പണി നീളാൻ കാരണമായത്. സ്ഥലം ഏറ്റെടുക്കാൻ പണം അനുവദിച്ചശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയത്. ഇതുകൊണ്ടുണ്ടായ കാലതാമസവും പാരിസ്ഥിതികാനുമതി നേടുന്നതിനെടുത്ത താമസവും പണി നീട്ടിക്കൊണ്ടുപോയി. അനുമതികളെല്ലാം നേടി ടെൻഡർ ക്ഷണിച്ചപ്പോൾ രണ്ട് ബിഡുകളും ലഭിച്ചു. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പായി.
പുതിയ സർക്കാർ അധികാരമേറ്റതോടെ അതുവരെ നേടിയ പുരോഗതിയെല്ലാം ഇല്ലാതാകുമെന്ന ആശങ്കയുണ്ടായെങ്കിലും ഒടുവിൽ അനുകൂല തീരുമാനമാണുണ്ടായത്. അഞ്ച് സ്പാനും 11 മീറ്റർ വീതിയുമുള്ള പാലത്തിന് 158 മീറ്റർ നീളമുണ്ട്. 44.21 കോടി രൂപയാണ് നിർമാണച്ചെലവ്. പാലത്തിലേക്കുള്ള അനുബന്ധപാതകൾക്ക് മൺറോത്തുരുത്ത് ഭാഗത്ത് 590 മീറ്ററും കണ്ണങ്കാട്ട് ഭാഗത്ത് 125 മീറ്ററുമാണ് നീളം. 24.21 കോടി രൂപയാണ് നിർമാണച്ചെലവ്.
എഴുപതുകളിൽ പുത്തനാറിനു കുറുകേ പണിത ഇടുങ്ങിയ ഇടിയക്കടവ് പാലം കടന്നാണ് മൺറോത്തുരുത്തുകാർ റോഡുമാർഗം പുറത്തേക്കെത്തുന്നത്. കൊല്ലത്തെത്താൻ കുണ്ടറവഴി ചുറ്റിക്കറങ്ങിയാണ് യാത്ര. ഭരണിക്കാവ്, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ടവർ ചിറ്റുമലയിൽ എത്തി കൊല്ലം-തേനി പാതയിലൂടെ പോകണം. കണ്ണങ്കാട്ട്, പെരുമൺ പാലങ്ങൾ എത്തുന്നതോടെ ബലക്കുറവുള്ള ഇടിയക്കടവ് പാലത്തിനും വിശ്രമം ലഭിക്കും.
മൺറോത്തുരുത്ത് െറയിൽവേ മേൽപ്പാലത്തിനു കിഴക്കുഭാഗത്ത് കല്ലടയാറിനു കുറുകേയാണ് കണ്ണങ്കാട്ട് പാലം പണിയുന്നത്. പെരുമണിനെ പേഴുംതുരുത്തുമായി ബന്ധിപ്പിക്കുന്ന പെരുമൺ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പേഴുംതുരുത്തിനെ പട്ടംതുരുത്തുമായി ബന്ധിപ്പിച്ച് ഇടച്ചാലിനു കുറുകേ കഴിഞ്ഞ വി.എസ്. മന്ത്രിസഭയുടെ കാലത്ത് പാലംപണി പൂർത്തിയാക്കി. കല്ലടയാറിനു കുറുകേ പാലമെത്തുന്നതോടെ മൺറോത്തുരുത്തുകാർക്ക് കൊല്ലത്തേക്കും കരുനാഗപ്പള്ളി ഭാഗത്തേക്കും വേഗത്തിൽ എത്താനാകും. വിനോദസഞ്ചാരമേഖലയ്ക്കും ഇത് പുത്തൻ ഉണർവേകും.