പൈപ്പുപൊട്ടി വെള്ളം ഒഴുകുന്നതിനു മുകളിൽ പാത നവീകരണം

ഓയൂർ : വെളിയം പരുത്തിയറ ശാസ്താക്ഷേത്രത്തിനു മുൻപിൽ, പരുത്തിയറ-മത്തായിമുക്ക് റോഡിൽ പൈപ്പുപൊട്ടി വെള്ളം ഒഴുകുന്നതിനു മുകളിലായി പാത നവീകരണം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
തുടർച്ചയായ പൈപ്പുപൊട്ടൽ പരിഹരിക്കാത്തതിൽ
നാട്ടുകാർ പ്രതിഷേധിച്ചിട്ടും ജലവകുപ്പ് അധികൃതർ മുഖംതിരിക്കുന്നെന്നാണ് ആക്ഷേപം. അശാസ്ത്രീയമായ രീതിയിൽ ഇവിടെ ചെറിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ നിരന്തരം പൈപ്പ് പൊട്ടുന്നതായി നാട്ടുകാർ പറയുന്നു. അടുത്തകാലത്ത് രണ്ടുതവണ പൈപ്പ് മാറിയെങ്കിലും വീണ്ടും പൊട്ടുകയായിരുന്നു.
പൈപ്പിൽനിന്ന് വെള്ളം പൊട്ടിയൊഴുകുന്ന സ്ഥലത്താണ് ഇപ്പോൾ കൊരുപ്പുകട്ട പാകാൻ ശ്രമിക്കുന്നത്. പ്രദേശവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധം വകവയ്ക്കാതെയാണ് നിർമാണം. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു.