കൊല്ലത്ത് അഴിച്ചുപണിയില്ല; നാലുപേർകൂടി കമ്മിറ്റിയിൽ

സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി

പി.ആർ.വസന്തൻ അടക്കം കരുനാഗപ്പള്ളിയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തി

കൊല്ലം : കാര്യമായ അഴിച്ചുപണിയില്ലാതെ സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പിരിഞ്ഞു. പുതുതായി നാലുപേരെ ജില്ലാ കമ്മിറ്റി അംഗങ്ങളായും പത്തുപേരെ ക്ഷണിതാക്കളായും ഉൾപ്പെടുത്തി. ജില്ലാ സെക്രട്ടറിയായി എസ്. സുദേവൻ തുടരും.

കടുത്ത വിമർശനങ്ങളുയർന്നെങ്കിലും ജില്ലാ സെക്രട്ടറിയെ മാറ്റുന്നതു സംബന്ധിച്ച് സംസ്ഥാന സെൻററിൽനിന്നെത്തിയ നേതാക്കളുടെ യോഗത്തിൽ ചർച്ചയുണ്ടായില്ല. അടുത്ത സെപ്റ്റംബറിൽ സംഘടനാസമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ ഇത്തരമൊരു ആലോചന വേണ്ടെന്ന നിലപാടിലേക്കെത്തുകയായിരുന്നെന്നാണ് അറിയുന്നത്.

ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. വസന്തൻ ഉൾപ്പെടെ കരുനാഗപ്പള്ളിയിൽനിന്ന് ഒഴിവാക്കപ്പെട്ട നാലുപേരെയാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സി. രാധാമണി, പി.കെ. ബാലചന്ദ്രൻ, ബി. ഗോപൻ എന്നിവരാണ് മറ്റ്‌ അംഗങ്ങൾ.

ഏരിയ സെക്രട്ടറിമാരെയും ബഹുജന സംഘടനാ നേതാക്കളെയുമാണ് ക്ഷണിതാക്കളായി ഉൾപ്പെടുത്തിയത്. ഏരിയ സെക്രട്ടറിമാരായ ടി.ആർ. ശങ്കരപ്പിള്ള (കുന്നത്തൂർ), ഡി. വിശ്വസേനൻ (അഞ്ചൽ), പി. സജി (പുനലൂർ), കെ.ജി. ബിജു (അഞ്ചാലുംമൂട്), ജെ. രാമാനുജൻ (നെടുവത്തൂർ), ടി.എസ്. പത്മകുമാർ (ചടയമംഗലം), ആർ. രവീന്ദ്രൻ (ചവറ), എച്ച്. ബെയ്സിൽ ലാൽ (കൊല്ലം), ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ടി.ആർ. ശ്രീനാഥ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു സുരേഷ് എന്നിവരാണ് ക്ഷണിതാക്കൾ.

കഴിഞ്ഞ ജില്ലാസമ്മേളനത്തിൽ, 46-അംഗ ജില്ലാ കമ്മിറ്റിയിൽ 44 പേരെ ഉൾപ്പെടുത്തി, രണ്ട് ഒഴിവുകൾ ബാക്കിയിട്ടിരുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പേരിൽ ഒഴിവാക്കപ്പെട്ട സൂസൻ കോടിയെ പിന്നീട് ഉൾപ്പെടുത്തി. ജില്ലാ കമ്മിറ്റി അംഗമായിരുന്ന സുജാ ചന്ദ്രബാബു പാർട്ടിവിട്ട് മുസ്‌ലിം ലീഗിൽ ചേർന്നതുവഴി ഒരു ഒഴിവുകൂടി ഉണ്ടായി.

ശനിയാഴ്ചത്തെ യോഗത്തിൽ സൂസൻ കോടി, ജില്ലാ ഓഫീസ് സെക്രട്ടറിയായ എം. വിശ്വനാഥൻ എന്നിവർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവായി. ഇങ്ങനെയുണ്ടായ നാല് ഒഴിവുകളാണ് നികത്തിയത്. ജില്ലാ സെക്രട്ടറിക്കും സെന്ററിനും ഓഫീസിനും എതിരായി രൂക്ഷവിമർശനമുയർന്നതിനെ തുടർന്ന് ഓഫീസ് സെക്രട്ടറി എം. വിശ്വനാഥനെ മാറ്റിനിർത്തിയതാണെന്നും പറയുന്നുണ്ട്. എന്നാൽ താൻ സ്വയം ഒഴിയുകയാണെന്ന് ജില്ലാ കമ്മിറ്റിയിൽ വിശ്വനാഥൻ പറയുകയായിരുന്നു.