സ്ത്രീശക്തി തെളിഞ്ഞു;കോട്ടുക്കൽ വനിതാ ജങ്ഷനായി

കടയ്ക്കൽ :സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് കോട്ടുക്കലിൽ സംഘടിപ്പിച്ച വനിതാ ജങ്ഷൻ നവ്യാനുഭവമായി. വനിതകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. കോട്ടുക്കലിൽ നടന്ന വർണശബളമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
പഞ്ചായത്തിലെ കുടുംബശ്രീ, തൊഴിലുറപ്പ്, ആശ, ഹരിതകർമസേന, അങ്കണവാടി പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിനു വനിതകൾ ഘോഷയാത്രയിൽ അണിനിരന്നു. എൻ.സി.സി, ജെ.ആർ.സി., സ്കൗട്ട്, ബാൻഡ്മേളം എന്നിവ അകമ്പടിയായി.
തുടർന്ന് നടന്ന വനിതാസമ്മേളനം കളക്ടർ ആനി ജൂലാ തോമസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് സ്ത്രീശാക്തീകരണം അനിവാര്യമാണെന്ന് കളക്ടർ പറഞ്ഞു. പുരുഷനോട് മത്സരിക്കാനല്ല, മറിച്ച് സ്വാതന്ത്ര്യത്തോടെ ഒരുമിച്ചു തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമുണ്ടാകുകയാണ് വേണ്ടത്. ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ നദല്യാ ബിനു അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, സബിദാബീഗം, സുജിതാ മാത്യു, കെ.കെ. ജ്യോതി, ലളിതമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ, മ്യൂസിക് മിന്റോ എന്നിവ നടന്നു. മിതമായ നിരക്കിൽ വിൽപ്പന ലക്ഷ്യമിട്ട് ടൗണിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വിവിധ സ്റ്റാളുകളും ഒരുക്കിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥരും വനിതാ മെഡിക്കൽ സംഘവും പ്രവർത്തിച്ചു.
പഞ്ചായത്തിന്റെ വിവിധ മേഖലകളിൽനിന്ന് വനിതാ ജങ്ഷനിലേക്ക് സൗജന്യമായി വാഹനസൗകര്യവും ഒരുക്കിയിരുന്നു. ഞായറാഴ്ച വനിതാ ജങ്ഷന് സമാപനമാകും.