ആനവണ്ടികളുടെ ആരാധകർ...

കരുനാഗപ്പള്ളി : സിനിമാ, കായിക താരങ്ങൾക്ക് മാത്രമല്ല ആനവണ്ടികൾക്കുമുണ്ട് കരുനാഗപ്പള്ളിയിൽ ആരാധകർ. ആനവണ്ടികൾക്ക് എന്ത് ആവശ്യം വന്നാലും തങ്ങളാലാകുന്ന സഹായം ചെയ്യാൻ ഇവർ സദാ സജ്ജമാണ്.

കെ.എസ്.ആർ.ടി.സി. പാസഞ്ചേഴ്‌സ് ഫോറം എന്ന പേരിൽ വർഷങ്ങളായി ഇവരുടെ കൂട്ടായ്മയും പ്രവർത്തിക്കുന്നു. പതിനഞ്ചോളം വരുന്ന യുവാക്കളാണ് കൂട്ടായ്മയിലുള്ളത്. കരുനാഗപ്പള്ളിയിലെ റെയിൽവേ സ്റ്റേഷൻ വികസനത്തിനായി പ്രവർത്തിക്കുന്ന കർമ എന്ന സംഘടനയും ഇവർക്ക് സഹായവുമായി ഒപ്പമുണ്ട്.

കെ.എസ്.ആർ.ടി.സി.യെ കൂടുതൽ ജനകീയമാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതിനായി ഇവർ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളും രൂപവത്കരിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുജനങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ ക്രോഡീകരിച്ച് എം.എൽ.എ. വഴി കെ.എസ്.ആർ.ടി.സി. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബസുകളുടെ സമയക്രമം, റൂട്ടുകൾ എന്നിവയെല്ലാം സാമൂഹികമാധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിക്കുന്നു. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാരുടെ പൂർണ പിന്തുണയും ഇവർക്കുണ്ട്.

പുതുതായി ബസ് സർവീസുകൾ തുടങ്ങുമ്പോൾ അവയ്ക്ക് ആകർഷകമായ നെയിം ബോർഡുകൾ തയ്യാറാക്കി നൽകാറുമുണ്ട്. കഴിഞ്ഞദിവസം പുതുതായി സർവീസ് തുടങ്ങിയ കന്യാകുമാരി സൂപ്പർഫാസ്റ്റ് ബസിനും പാവുമ്പ വഴി ചിന്നക്കട ഓർഡിനറി ബസിനും നെയിം ബോർഡുകൾ തയ്യാറാക്കി നൽകിയതും കൂട്ടായ്മയാണ്.

കെ.എസ്.ആർ.ടി.സി. പാസഞ്ചേഴ്‌സ് ഫോറം പ്രവർത്തകരായ നൗഫൽ ജലാലുദീൻ, അശ്വിൻ മുരളി, രാകേഷ് രഘു, അക്ഷയ്, രാജേഷ്, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.