അച്ചൻകോവിൽ ഗ്രാമം സമ്പൂർണ 4ജിയിലേക്ക്

പാറപ്പുറത്തെ പഠനം ഇനി പഴങ്കഥ
തെന്മല :പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി അച്ചൻകോവിൽ ഗ്രാമത്തിൽ സമ്പൂർണ 4ജി കവറേജ് ലഭ്യമാക്കാൻ മൂന്ന് ബി.എസ്.എൻ.എൽ. ടവറുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നടന്നു. മൂന്നുകോടി രൂപ ചെലവഴിച്ചാണ് അച്ചൻകോവിലിൽ വിവിധയിടങ്ങളിലായി ടവറുകൾ നിർമിച്ചത്. അച്ചൻകോവിൽ ഗ്രാമത്തിൽ ഇൻറർനെറ്റ് സൗകര്യം ലഭ്യമാകാത്തതിനാൽ കോവിഡ് കാലയളവിൽ വിദ്യാർഥികൾ ഇൻറർനെറ്റ് ലഭിക്കാനായി പാറപ്പുറത്ത് പഠിക്കാെനത്തിയ സംഭവമുണ്ടായിരുന്നതായും ഈ സ്ഥലങ്ങളിലുൾപ്പെടെ അതിവേഗ ഇൻറർനെറ്റ് ലഭിക്കുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കിയതെന്നും ഉദ്‌ഘാടനപ്രസംഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
അച്ചൻകോവിലിലെ വിദ്യാർഥികളുടെ ബുദ്ധിമുട്ട് 'മാതൃഭൂമി' വാർത്തയാക്കിയിരുന്നു. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് ഇൻറർനെറ്റ് സൗകര്യം ലഭിക്കാത്ത സാഹചര്യത്തിൽ ബൂസ്റ്റർ സംവിധാനമേർപ്പെടുത്തിയിരുന്നു. പ്രദേശത്തെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസവും സാംസ്കാരികവുമായ ആവശ്യം കണക്കിലെടുത്താണ് അച്ചൻകോവിലിൽ സമ്പൂർണ ഇൻറർനെറ്റ് സംവിധാനം കൊണ്ടുവന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കുംഭാവുരുട്ടി, മൂന്നുമുക്ക്, എസ്.ടി. നഗർ ഭാഗങ്ങളിലാണ് ടവറുകൾ സ്ഥാപിച്ചിട്ടുള്ളത്. കുംഭാവുരുട്ടിയിലെ കവറേജ് രണ്ടര കിലോമീറ്റർ അകലെയുള്ള കേരളത്തിന്റെ ചെക്പോസ്റ്റുവരെ ലഭിക്കും. വെള്ളച്ചാട്ടത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഉപകാരമാകും. മൂന്നുമുക്ക് ടവറിന്റെ കവറേജ് പ്രിയ എസ്റ്റേറ്റ് മേഖലയിലും എസ്.ടി. നഗറിലെ അച്ചൻകോവിൽ കറവൂർ റോഡ് എന്നിവിടങ്ങളിലും ലഭിക്കും. സി. അജയപ്രസാദ് എം.എൽ.എ. അധ്യക്ഷനായി.
ആര്യങ്കാവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത സുകുനാഥ്, ബിനു ശിവപ്രസാദ്, സുരേഷ് ബാബു, ശശിധരൻപിള്ള, ബാബുരാജ്, റോയ് ഉമ്മൻ, നാസർഖാൻ, വർഗ്ഗീസ്, തോമസ് മൈക്കിൾ എന്നിവർ സംസാരിച്ചു.