ക്ലാപ്പന പഞ്ചായത്തിന് സ്വർണ മെഡൽ

ഓച്ചിറ : ദേശീയ ക്ഷയരോഗനിർമാർജന പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ ‘ടി.ബി. മുക്ത് പഞ്ചായത്ത്’ പ്രവർത്തനങ്ങളിൽ മികവുതെളിയിച്ച ക്ലാപ്പന പഞ്ചായത്തിന് സ്വർണമെഡൽ. കൊല്ലം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ നടന്ന പുരസ്കാരദാനച്ചടങ്ങിൽ മന്ത്രി ബിന്ദുകൃഷ്ണയിൽനിന്ന്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല, വള്ളിക്കാവ് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇറാൻ ഷാ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഷംസ് തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ദേശീയ ക്ഷയരോഗനിർമാർജന പരിപാടിയുടെ ഭാഗമായി 2025-ൽ ക്ഷയരോഗപ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച, ജില്ലയിലെ ഒൻപതു സ്ഥാപനങ്ങൾക്ക് സ്വർണ മെഡൽ, പത്തു സ്ഥാപനങ്ങൾക്ക് വെള്ളിമെഡൽ, 16 സ്ഥാപനങ്ങൾക്ക് വെങ്കലമെഡൽ പുരസ്കാരങ്ങൾ ലഭിച്ചു.

ക്ഷയസാധ്യതയുള്ളവരെ കണ്ടെത്തി പരിശോധനയ്ക്കു വിധേയരാക്കൽ, രോഗികളെ സമയബദ്ധമായി കണ്ടെത്തി ചികിത്സ ഉറപ്പാക്കൽ, ബോധവത്കരണം, പ്രതിരോധനടപടികൾ തുടങ്ങിയവയിലെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.