തൊണ്ടിവാഹനങ്ങളും മാലിന്യവും നിറഞ്ഞ് കുന്നിക്കോട് എം.സി.എഫ്.

കുന്നിക്കോട് :തുരുമ്പിച്ച തൊണ്ടിവാഹനങ്ങളുടെ കൂമ്പാരത്തിനൊപ്പം മാലിന്യവും നിറഞ്ഞ് കുന്നിക്കോട് പഴയചന്തയിലെ എം.സി.എഫ്.(മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി) . ചന്തയുടെ പ്രവർത്തനം പുനരാരംഭിക്കാൻ വിളക്കുടി ഗ്രാമപ്പഞ്ചായത്ത് അധികാരികൾ മൂന്നു പ്രാവശ്യം പോലീസിന് കത്തു നൽകിയെങ്കിലും പുല്ലുവിലപോലും നൽകാതെ മൗനംപാലിക്കുകയാണ്.

എക്സെെസ് റെയ്‌ഞ്ച് ഓഫീസും ചന്തയിൽ പ്രവർത്തനം ആരംഭിച്ചതോടെ തൊണ്ടിമുതലുകളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണിവിടം. ഇതിനു പിന്നാലെയാണ് വാർഡിൽനിന്ന് ചാക്കുകളിൽ ശേഖരിക്കുന്ന മാലിന്യംകൂടി ചന്തയിൽ തള്ളാൻ തുടങ്ങിയത്. ഇത് തരംതിരിക്കുന്നതിനും നീക്കംചെയ്യാനും നടപടികളില്ലാത്തതിനാൽ മാലിന്യം ഇവിടെ കൂമ്പാരമായി മാറി. ഒപ്പം ഇഴജന്തുക്കളുടെ താവളമായും മാറി.

അടുത്തിടെ മാലിന്യവുമായി എത്തിയവർ പാമ്പിനെ കണ്ടത് പലതവണ. രണ്ടുപ്രാവശ്യം കറവൂരിൽനിന്ന്‌ ആർ.ആർ.ടി.സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. സമീപത്തെ വീട്ടിൽ കയറി മേൽക്കൂരയിലെ ഓടിനുള്ളിലൊളിച്ച മറ്റൊരു പാമ്പിനെ പാമ്പുപിടിത്തക്കാരൻ ചക്കുപാറ വിഷ്ണു പിടികൂടി.

സമീപത്തു പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനിലും എക്സൈസ് ഓഫീസിലും പിടികൂടുന്ന വാഹനങ്ങൾ എല്ലാം ഇവിടെയാണ് കൊണ്ടിടുന്നത്. ഇവ നീക്കംചെയ്യാത്തതിനാൽ തുരുമ്പെടുത്തു നശിക്കുകയാണ്. യഥാസമയം കോടതി അനുമതി വാങ്ങി ലേലംചെയ്താൽ ലക്ഷങ്ങൾ ലഭിക്കുമെന്നിരി​േക്കയാണ് അധികൃതരുടെ അലംഭാവം. തുരുമ്പിച്ച തൊണ്ടിമുതൽ അടിയന്തരമായി മാറ്റണമെന്ന് പഞ്ചായത്തും മാലിന്യം നീക്കം ചെയ്യണമെന്ന് നാട്ടുകാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.