കനത്ത മഴ; കല്ലുംകടവിൽ വെള്ളപ്പൊക്കം

വെള്ളംകയറി ഗൃഹോപകരണങ്ങൾ നശിച്ചു
പത്തനാപുരം : രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ കല്ലുംകടവ് തോട്ടിലെ ജലനിരപ്പുയർന്ന് പത്തനാപുരം പട്ടണത്തിലെ കല്ലുംകടവ് ഭാഗത്ത് ഒട്ടേറെ വീടുകളിൽ വെള്ളം കയറി.
ചരുവിളയിൽ പുത്തൻവീട്ടിൽ സനു തോമസ്, ഷാജി കോട്ടേജിൽ ഷാജി, ഗംഗാനിലയത്തിൽ ഗംഗാധരൻ, ലക്ഷ്മിഭവനത്തിൽ തുളസി, ബിനുഭവനിൽ കുമാരിയമ്മ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളം ഇരച്ചെത്തിയത്. സനു തോമസ്, ഗംഗാധരൻ എന്നിവരുടെ വീടുകളിലെ ഗൃഹോപകരണങ്ങൾ വെള്ളംകയറി നശിച്ചു. ഒരു രാത്രിമുഴുവൻ വെള്ളക്കെട്ടിലായ വീടിനുള്ളിലാണ് മിക്കവരും കഴിഞ്ഞത്. ചിലർ അടുത്തുള്ള ബന്ധുവീടുകളിൽ അഭയം തേടി.
തോട്ടിൽ നീരാഴുക്ക് കൂടിയപ്പോൾ ചെളിയുംമറ്റും അടിഞ്ഞുകൂടി വ്യക്തിയുടെ ചതുപ്പുനിലത്തിൽ മഴവെള്ളം കെട്ടിനിന്നു. വെള്ളത്തിന്റെ മർദത്തിൽ സംരക്ഷണഭിത്തിയും മതിലും തകർന്നതോടെ താഴെയുള്ള വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിൽ പ്രദേശവാസികളെ ആശങ്കയിലാക്കി. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ നശിച്ചവയിൽപ്പെടുന്നു.
കല്ലുംകടവ് തോട്ടിലും അനുബന്ധതോടുകളിലും കൈയേറ്റങ്ങളെത്തുടർന്ന് സ്വാഭാവിക നീരൊഴുക്കിന് തടസ്സം ഉണ്ടാകുന്നത് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണമാണ്. ഓടകൾ കെട്ടിയടച്ചതും തോട് നികത്തിയതുമെല്ലാം കല്ലുംകടവ് തോടിന്റെ പരിസരത്തെ താഴ്ന്നസ്ഥലത്തെ വീടുകൾക്ക് ഭീഷണിയാണ്.