കാൽനടയാത്രികരുടെ വഴിമുട്ടിച്ച് നടപ്പാതകളിലെ കൈയേറ്റം

കൊല്ലം : നഗരത്തിലെ നടപ്പാതകളിലെ കൈയേറ്റം കാൽനടയാത്രക്കാരുടെ വഴിമുട്ടിക്കുന്നു. കൊല്ലം വൈ.എം.സി.എ.റോഡിൽ നടപ്പാതകൾ ടയർ കച്ചവടക്കാർ കൈയേറിയതായി വ്യാപക പരാതിയുണ്ട്.
നടപ്പാതയോടു ചേർന്നുതന്നെ ചെറിയ കടകളുണ്ടെങ്കിലും ഇതിനുള്ളിൽ സൗകര്യക്കുറവുണ്ട്. ടയറുകൾ സൗകര്യപ്രദമായവിധം നടപ്പാതയിലേക്ക് അടുക്കിവെച്ചിരിക്കുകയാണ്. പങ്‌ചർ ഒട്ടിക്കാനുള്ള മറ്റു സാധനങ്ങളും ട്യൂബുമടക്കം നടപ്പാതയിലാണ് വെച്ചിരിക്കുന്നത്. പങ്‌ചർ ഒട്ടിക്കാനും കാറ്റുനിറയ്ക്കാനും എത്തുന്ന വാഹനങ്ങൾ നടപ്പാതയോടു ചേർന്ന് റോഡരികിൽ നിർത്തിയിടുന്നുമുണ്ട്.
കാൽനടയാത്രയ്ക്കു തടസ്സമാകുംവിധം വഴിയടച്ചനിലയിലാണ് അനധികൃത കൈേയറ്റം. ഒന്നിലധികം കടകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. അപകടഭീഷണിയുയർത്തി നടപ്പാതയിൽ മരങ്ങളുമുണ്ട്.
റെയിൽവേ സ്റ്റേഷനു സമീപം നടപ്പാതകൾ വാഹന പാർക്കിങ് കേന്ദ്രങ്ങളാണ്. ഫാത്തിമ കോളേജ് റോഡ്, പുതിയകാവ് ക്ഷേത്രം റോഡ് എന്നിവിടങ്ങളിലും നടപ്പാതകൾ ഇരുചക്രവാഹനങ്ങൾ കൈയേറിയനിലയിലാണ്. പലപ്പോഴായി പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ നീക്കംചെയ്യുമെങ്കിലും വീണ്ടും പഴയപടിയാകും. ചിന്നക്കടയിൽ നടപ്പാത തെരുവുകച്ചവടസംഘത്തിന്റെ പിടിയിലാണ്. തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ബീച്ച് റോഡിലേക്കുള്ള നടപ്പാത, ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം, ചാമക്കട കോൺവെന്റ് ജങ്ഷൻ, വടയാറ്റുകോട്ട റോഡ് എന്നിവിടങ്ങളിൽ നടപ്പാതകളിൽ വഴിയോരക്കച്ചവടം വ്യാപകമാണ്. ഹെഡ് പോസ്റ്റ് ഓഫീസ് സമീപം നടപ്പാതകൾ മുഴുവനായി കച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്. കഷ്ടിച്ച് ഒരാൾക്കുമാത്രം പോകാനാകുന്ന വഴിയാണുള്ളത്. ഇതിനിടെ സാധനങ്ങൾ വാങ്ങുന്നവരുടെ തിരക്കും. ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ യാത്രക്കാർ ഭയത്തോടെയാണ് നടന്നുപോകുന്നത്.
തെരുവുകച്ചവടക്കാരുടെ പുനരധിവാസം പെരുവഴിയിൽ
തെരുവോരങ്ങളിൽ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ പറയാൻ തുടങ്ങിയിട്ട് നാളേറെയായി.
കരിക്കോട്, ആശ്രാമം, ചിന്നക്കട എന്നിവിടങ്ങളിലെ തെരുവുകച്ചവടം ഓണംവരെ അനുവദിച്ചുനൽകുമെന്നാണ് അറിയിച്ചിരുന്നത്. ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി എന്നിവിടങ്ങളിലെ തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് ആലോചിക്കുമെന്നും ഓണത്തിനുമുൻപ് മേയർ അറിയിച്ചിരുന്നു. ഓണം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല.