മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം; പത്തനാപുരം ഗതാഗതക്കുരുക്കിൽ

പത്തനാപുരം : മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പത്തനാപുരം പട്ടണത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടി തുടങ്ങിയിട്ടില്ല.
ഗതാഗതനിയന്ത്രണ നടപടികൾ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ മണ്ഡലകാലത്തെ വാഹനപ്പെരുപ്പം സ്ഥിതി ഗുരുതരമാക്കും. ഇതരസംസ്ഥന അയ്യപ്പഭക്തരുടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നുപോകുന്നത്.
ജില്ലാ അതിർത്തിയായ പത്തനാപുരം കല്ലുംകടവിലെ ഗതാഗതക്കുരുക്ക് പട്ടണമാകെ ബാധിക്കുന്ന സ്ഥിതിയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയും, കെ.പി. റോഡും സന്ധിക്കുന്ന കല്ലുംകടവ് ജങ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ഒരു സംവിധാനവുമില്ല. സിഗ്നൽ ലൈറ്റും ഗതാഗതം നിയന്ത്രിക്കാൻ ജീവനക്കാരും ഇല്ല. വാഹനപ്പെരുപ്പത്താൽ വലയുന്നതിനിടെ അനിയന്ത്രിതമായ വഴിയോരക്കച്ചവടവും കൂടിയായതോടെ കുരുക്കേറുന്നു.
പഴക്കച്ചവടംമുതൽ മത്സ്യക്കച്ചവടംവരെ കല്ലുംകടവിലെ പാതയോരത്തും പാലത്തിലുമായി പൊടിപൊടിക്കുന്നു. നഗരസൗന്ദര്യവത്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കല്ലുംകടവ് പഴയപാലം നഗരത്തിന്റെ വികൃതമുഖമായി. മത്സ്യക്കച്ചവടത്തിനും ഭാരവണ്ടികൾ നിർത്തിയിടുന്നതിനുമുള്ള സ്ഥലമായി പാലം മാറി.
കച്ചവടശേഷമുള്ള അവശിഷ്ടങ്ങളും മാലിന്യവും പാലത്തിലും താഴെയും തോട്ടിലുമായി വലിച്ചെറിയുന്നു. ഇതെല്ലാം തരണംചെയ്തുവേണം കാൽനടയാത്രികർ പഴയപാലം താണ്ടാൻ. അനുബന്ധപാതകൾ സന്ധിക്കുന്ന ജനതാജങ്ഷനിലും സദാ ഗതാഗതക്കുരുക്കാണ്.
പാതയോരത്ത് മണിക്കൂറുകളോളം വാഹനങ്ങൾ നിർത്തിയിടുന്നത് പട്ടണത്തിലെ ഗതാഗതക്കുരുക്കിന്റെ മറ്റൊരു കാരണമാണ്. ഓട്ടോ, ടാക്സി സ്റ്റാൻഡുകളും തോന്നുംപടിയാണ്. പകൽസമയം കടകൾക്കു മുൻപിൽ പാതകൈയേറി ലോറികൾ നിർത്തിയിട്ട് ചരക്കിറക്കുന്നതും പതിവാണ്. നിയമലംഘനങ്ങൾ പതിവായിട്ടും ആരും ചോദിക്കാനില്ലാത്ത സ്ഥിതിയാണ്.
ഗതാഗതപരിഷ്കരണ നടപടികൾ ചർച്ചചെയ്യുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. കല്ലുംകടവ് പഴയപാലത്തിൽ നിന്നു കച്ചവടവും വാഹനപാർക്കിങും ഒഴിപ്പിച്ച് തിരക്കേറുമ്പോൾ ചെറിയവാഹനങ്ങൾ ഇതുവഴി കടത്തിവിടാവുന്നതാണ്.
ജനതാ ജങ്ഷനിൽ നിന്നും ക്രൗൺ റോഡുവഴി കുന്നിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിച്ചുവിടാം. മറുഭാഗത്ത് പ്രവർത്തിക്കാത്ത വൺവേ പ്രവർത്തനസജ്ജമാക്കാം. അനധികൃതപാർക്കിങിനെതിരേ നടപടിയും കടലാസിൽ മാത്രമാണ്. നാളേറെയായി കേൾക്കുന്ന ഗതാഗതപരിഷ്കരണ നടപടികൾ ഈ മണ്ഡലകാലത്തെങ്കിലും നടപ്പാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.