അപകടക്കെണി കാണാതെ അധികൃതർ

കൊട്ടാരക്കര : നഗരത്തിൽ പുലമൺ ഫെയ്ത്ത് ഹോമിനു സമീപം എം.സി. റോഡിലേക്കെത്തുന്ന ടി.ബി. ജങ്ഷൻ-പുലമൺ റോഡിലെ ഓടയ്ക്കു മുകളിലെ ഇരുമ്പ് ഗ്രില്ലുകൾ അപകടക്കെണിയായിട്ട് മാസങ്ങൾ. ദിവസവും അപകടങ്ങളുണ്ടായിട്ടും അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ നടത്തിയില്ല.
എം.സി. റോഡിൽ പുലമണിൽനിന്ന് കൊട്ടാരക്കര-ഓയൂർ റോഡിൽ ടി.ബി. ജങ്ഷനിലെത്താനുള്ള എളുപ്പമാർഗമായതിനാൽ നൂറുകണക്കിനു വാഹനങ്ങളാണ് ഈ റോഡിലൂടെ ഇരുഭാഗത്തേക്കും കടന്നുപോകുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിനെ ഒരുപരിധിവരെ കുറയ്ക്കുന്നതും ഈ പാതയാണ്.
വാഹനങ്ങൾ എം.സി. റോഡിലേക്ക് ഇറങ്ങുന്നിടത്താണ് ഗ്രില്ലുകളുള്ളത്. ഇറക്കമിറങ്ങിയെത്തുന്ന വാഹനങ്ങൾ തകർന്ന ഗ്രില്ലിൽ കുടുങ്ങുന്നു. സ്കൂട്ടർ യാത്രികരാണ് അപകടത്തിൽപ്പെടുന്നതിലേറെയും. യാത്രക്കാരുടെ കാൽ ഇരുമ്പ് ഗ്രില്ലിൽ കുടുങ്ങി അപകടങ്ങളുണ്ടാകുന്നു. ചെറിയ വാഹനങ്ങളുടെ ബമ്പർ ഉരസുകയും തകരുകയും ചെയ്യുന്നു. മുൻചക്രങ്ങൾ കയറുമ്പോൾതന്നെ ഗ്രില്ലുകൾ കൂടുതൽ താഴത്തേക്ക് അമരുകയും ചക്രങ്ങൾ ഗ്രില്ലിന്റെ വക്കിലെ കൂർത്ത ഇരുമ്പുപാളിയിൽതട്ടി കീറുകയും ചെയ്യുന്നു.
റോഡുനിരപ്പിൽ നിൽക്കേണ്ട ഗ്രില്ലുകൾതകർന്ന് താഴ്ന്നുതുടങ്ങി. ഏറെ നാളായി തുടരുന്ന അവസ്ഥയിൽ പ്രതിഷേധമുയർന്നിട്ടും ഗ്രില്ലുകൾ മാറ്റിസ്ഥാപിക്കാൻ പൊതുമരാമത്തോ കെ.എസ്.ടി.പി.യോ തയ്യാറായിട്ടില്ല. അറ്റകുറ്റപ്പണിക്കു ഫണ്ടില്ലെന്ന ന്യായം കെ.എസ്.ടി.പി. പറയുമ്പോൾ നിർമാണം നടത്തേണ്ടത് കെ.എസ്.ടി.പി.യുടെ ചുമതലയാണെന്ന ന്യായമാണ് പൊതുമരാമത്തിനുള്ളത്. ഇനിയും കാത്തിരുന്നാൽ ഗ്രില്ല് പൂർണമായി തകരുകയും പാതയിലൂടെയുള്ള ഗതാഗതം നിലയ്ക്കുകയും ചെയ്യും. നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കാൻ ഇതു കാരണമാകും. തകർന്ന ഗ്രില്ലുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യമുയരുന്നു.