പുനലൂർ ജലവിതരണ പദ്ധതി: അറ്റകുറ്റപ്പണി ഒരാഴ്ച നീളും, ജലവിതരണം ഭാഗികമായി തുടങ്ങി

പുനലൂർ :നഗരസഭാപ്രദേശത്ത് ജലവിതരണം നടത്തുന്ന പുനലൂർ കുടിവെള്ളപദ്ധതിയുടെ ശുദ്ധീകരണശാലയിൽ ആരംഭിച്ച അറ്റകുറ്റപ്പണി പൂർത്തിയായില്ല. ഇനിയും ഒരാഴ്ചകൂടി പ്രവൃത്തി തുടരുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. എന്നാൽ നഗരസഭാപ്രദേശത്ത് ജലവിതരണം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഹൈസ്‌കൂൾ വാർഡിലെ കുന്നിൻമുകളിൽ അരനൂറ്റാണ്ടുമുൻപ് നിർമിച്ച ശുദ്ധീകരണശാലയിൽ കഴിഞ്ഞ 23-നാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. പ്ലാന്റിന്റെ സംഭരണശേഷി ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തിലാണിത്.

ബുധനാഴ്ചയോടെ പണി പൂർത്തിയാക്കി ജലവിതരണം പൂർണമായും ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പ്രവൃത്തി പൂർത്തിയാവാൻ ഇനിയും ഒരാഴ്ചകൂടി വേണ്ടിവരും. പമ്പിങ്ങിന് നിയന്ത്രണമുണ്ടെങ്കിലും നിലവിൽ കാഞ്ഞിരമലപോലെയുള്ള ഉയർന്ന പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഭാഗികമായി ജലവിതരണം നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

പഞ്ചായത്ത്‌ ആയിരുന്ന പുനലൂർ, നഗരസഭയായ കാലത്ത് നിർമിച്ചതാണ് ശുദ്ധീകരണശാല. സ്ഥാപിച്ച കാലത്ത് പ്രതിദിനം ഒൻപത് ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ശേഷിയുള്ളതായിരുന്നു ഇത്. എന്നാൽ യന്ത്രങ്ങളുടെയും കുഴലുകളുടെയും കാലപ്പഴക്കംമൂലം നിലവിൽ പ്രതിദിനം അഞ്ചുദശലക്ഷം ലിറ്റർ വെള്ളം മാത്രമേ ശുദ്ധീകരിച്ചു വിതരണം ചെയ്യാനാകുന്നുള്ളൂ. കല്ലടയാറാണ് സ്രോതസ്സ്. ജപ്പാൻകുടിവെള്ളപദ്ധതിയിൽനിന്ന് ലഭിക്കുന്ന മൂന്നുദശലക്ഷത്തോളം ലിറ്റർ വെള്ളംകൂടി ഉപയോഗിച്ചാണ് നഗരസഭാപ്രദേശത്ത് ജലവിതരണം സാധ്യമാക്കുന്നത്.

എന്നാൽ മഴപെയ്ത് ആറ്റിൽ വെള്ളം കലങ്ങുന്ന സാഹചര്യങ്ങളിൽ പമ്പിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുമൂലം ജപ്പാൻപദ്ധതിയിൽനിന്നുള്ള ജലലഭ്യത കുറയാറുണ്ട്. നിലവിൽ ശുദ്ധീകരണശാലയിൽ നടന്നുവരുന്ന അറ്റകുറ്റപ്പണി പൂർത്തിയായാൽ ശേഷി ഏഴുലക്ഷം ലിറ്റർവരെ വർധിച്ചേക്കുമെന്ന് അധികൃതർ പറയുന്നു.

ഇത് നഗരസഭാപ്രദേശത്ത് ജലവിതരണം കുറേക്കൂടി കാര്യക്ഷമമാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുനലൂരിനായി ആവിഷ്‌കരിച്ചിട്ടുള്ള 260 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കുടിവെള്ളപദ്ധതി യാഥാർഥ്യമായാലേ പുനലൂരിൽ പൂർണമായും ജലവിതരണം സാധ്യമാകൂ. ഇതിനു വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.