കൊല്ലത്തെ തഴഞ്ഞ് തുലാവർഷം

കൊല്ലം : തുലാവർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ജില്ലയിൽ 34 ശതമാനം മഴക്കുറവ്. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം, ഒക്ടോബർ ഒന്നുമുതൽ നവംബർ 27 വരെ കൊല്ലത്ത് 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ കാലയളവിൽ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത് 567.8 മില്ലിമീറ്റർ മഴയാണ്. എന്നാൽ ലഭിച്ചത് 375.6 മില്ലിമീറ്റർ മാത്രം. ഏകദേശം 192.2 മില്ലിമീറ്ററിന്റെ കുറവ്. 20 മുതൽ 59 ശതമാനം വരെ മഴയിൽ കുറവുള്ള ജില്ലകളെയാണ് കാലാവസ്ഥാ വകുപ്പ് മഴക്കുറവ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. കൊല്ലം ഈ വിഭാഗത്തിലാണ്.
സംസ്ഥാനത്താകെ 25 ശതമാനം മഴക്കുറവുണ്ട്. ഇടുക്കി, തൃശ്ശൂർ (35 ശതമാനം വീതം), മലപ്പുറം (34 ശതമാനം) എന്നിവയാണ് കൊല്ലത്തോടൊപ്പം മഴ കുറവുള്ള മറ്റു ജില്ലകൾ. അതേസമയം തിരുവനന്തപുരം (11 ശതമാനം), ആലപ്പുഴ (14 ശതമാനം), പത്തനംതിട്ട, പാലക്കാട് (17 ശതമാനം) കോഴിക്കോട് എന്നിവ സാധാരണ മഴ ലഭിച്ച വിഭാഗത്തിലാണ്. വയനാട്ടിലും മാഹിയിലും സാധാരണയെക്കാൾ അല്പം കൂടുതൽ മഴ ലഭിച്ചു.
വരുംദിവസങ്ങളിൽ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ നവംബർ 27-ലെ പ്രവചനം പറയുന്നു. 27, 28, 29 തീയതികളിൽ ഇടത്തരം മഴയ്ക്കും 30, ഡിസംബർ ഒന്ന് തീയതികളിൽ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.ലഭിക്കാനിരിക്കുന്നത് നേരിയ മഴയായതിനാൽ ഇതുവരെയുള്ള കുറവുനികത്താൻ ഈ മഴ മതിയാകില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന.ജില്ലയിൽ പകലുള്ള ചൂട് താങ്ങാവുന്നതിനും അപ്പുറമാണ്. കാർഷികമേഖലയെയും ഇത് ബാധിക്കുന്നുണ്ട്.