ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ മണ്ണുനീക്കൽ നടപടികൾക്ക് ഒച്ചിഴയും വേഗം

കൊട്ടാരക്കര : പ്രതിഷേധവും പരാതികളും ഉയർന്നിട്ടും നഗരസഭയിൽ വികസനപ്രവർത്തനങ്ങളിൽ നടപടികൾക്ക് ഒച്ചിഴയുന്ന വേഗം. നവീകരണം നടക്കുന്ന കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ അധികമായുള്ള മണ്ണ് നീക്കംചെയ്യാനുള്ള നടപടികളാണ് ഇഴയുന്നത്.

ഗ്രൗണ്ടിന്റെ ഒരുഭാഗത്ത്‌ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കംചെയ്യാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി വൈകുന്നു. കഴിഞ്ഞദിവസം മാത്രമാണ് ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൈലം പഞ്ചായത്തിലെ കാരൂർ സ്റ്റേഡിയം നിർമാണത്തിനായി മണ്ണുവേണമെന്നു കാട്ടി പഞ്ചായത്ത് അധികൃതർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. ജിയോളജി അനുമതി ലഭ്യമായി മണ്ണ്‌ നീക്കംചെയ്യാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. ഗ്രൗണ്ടിലെ മണ്ണ് പൂർണമായും നീക്കംചെയ്താലേ തുടർനിർമാണം സാധ്യമാകു.

നഗരസഭാ ഓഫീസ് സമുച്ചയം നിർമാണത്തിനായി വിട്ടുകിട്ടിയ രവിനഗറിലെ കെ.ഐ.പി. ഭൂമിയിലെ മണ്ണ് നീക്കംചെയ്യുന്നതിനുള്ള അനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇവിടെയും ജിയോളജി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസമാണ് പരിശോധന നടത്തിയത്. സർക്കാർ നിർമാണങ്ങൾക്കുപോലും മണ്ണെടുക്കാനും നീക്കംചെയ്യാനും ഇത്ര കാലതാമസം വേണ്ടിവരുന്നത് പ്രതിഷേധത്തിനു കാരണമാകുന്നു.

കഴിഞ്ഞ രണ്ട് താലൂക്ക് വികസനസമിതി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. 50 ലോഡോളം മണ്ണാണ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നീക്കംചെയ്യാനായിട്ടുള്ളത്.

സ്പോർട്‌സ് അതോറിറ്റി ഫണ്ടും എം.എൽ.എ. ഫണ്ടും ചേർത്ത് 1.62 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നവകീരണം. ഫെൻസിങ്, ആറ് ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിക്കൽ, ഗാലറി നിർമാണം എന്നിവ നടത്തി. മൈതാനത്തിനു ചുറ്റും നടപ്പാത നിർമാണം പുരോഗമിക്കുന്നു. വിവിധ മത്സരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മൺകോർട്ട് നിർമാണം, പ്രവേശനപ്പാത നിർമാണം എന്നിവയും പദ്ധതിയിലുണ്ട്. ഗ്രൗണ്ടിലെ മൺകൂന നീക്കംചെയ്യുന്നത് വൈകിയാൽ തുടർനിർമാണം മുടങ്ങും.