പോരുവഴിയിൽ ശുചിത്വസന്ദേശ വിളംബര റാലി

ശാസ്താംകോട്ട : പോരുവഴി പഞ്ചായത്തിൽ ‘നിർമലം-പുതുയുഗ ശുചിത്വ കേരളം’ പദ്ധതിക്ക് വിളംബര റാലിയോടെ തുടക്കമായി. എല്ലാ വാർഡിലും ജനകീയ കാംപെയ്ന്റെ ഭാഗമായി പൊതു ഇടങ്ങൾ ശുചീകരിക്കുന്ന പ്രവൃത്തികൾ തുടങ്ങി. പൊതുസ്ഥാപനങ്ങളും സ്‌കൂളുകളും തുടർച്ചയായി ശുചീകരിക്കും. എല്ലാ വാർഡിലും മിനി എം.സി.എഫുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു.

സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനയും ക്വിസ് മത്സരവും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ പഞ്ചായത്തും ആരോഗ്യപ്രവർത്തകരും ചേർന്ന് പരിശോധന കർശനമാക്കി. ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പു മേറ്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, ആരോഗ്യപ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുത്തു.

ശാസ്താംനട ജങ്ഷനിൽനിന്ന് ആരംഭിച്ച ജാഥയിൽ പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ. നായർ, വൈസ് പ്രസിഡന്റ് കെ. മോഹനൻ, സ്ഥിരംസമിതി അധ്യക്ഷരായ എം.എസ്. സരിത, വി. ബേബികുമാർ, പി. പ്രശാന്തി, പഞ്ചായത്ത് സെക്രട്ടറി സി.കെ. അജയകുമാർ, സി.ഡി.എസ്.അധ്യക്ഷ ഗീത എന്നിവർ പങ്കെടുത്തു.