കല്ലുംകടവ് പൊതുശൗചാലയസമുച്ചയം കാടുമൂടുന്നു

പത്തനാപുരം : കല്ലുംകടവിൽ പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച പൊതുശൗചാലയസമുച്ചയം കാടുകയറി നശിക്കുന്നു. ജില്ലാ അതിർത്തിയിൽ സംസ്ഥാനപാതയ്ക്ക് സമീപം സ്വകാര്യ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലത്തെ ശൗചാലയസമുച്ചയമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്.
പട്ടണത്തിൽ എത്തുന്നവരുടെ 'ആശങ്ക'യ്ക്ക് പരിഹാരമായി ജനകീയാവശ്യത്തെത്തുടർന്നാണ് കല്ലുംകടവിൽ 2017-ൽ ശൗചാലയം നിർമിച്ചത്. എന്നാൽ അധികം താമസിയാതെ അധികൃതരുടെ ശ്രദ്ധയും സംരക്ഷണവും ഇല്ലാത്തതിനാൽ വൃത്തിഹീനമായ ശൗചാലയത്തെ ജനം കൈയൊഴിഞ്ഞു. പിന്നീട് ഇവിടം സമൂഹവിരുദ്ധരുടെ താവളമായി.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ശൗചാലയത്തിനായി ആവശ്യമുയർന്നതോടെ 2021-ൽ ലക്ഷങ്ങൾ മുടക്കി നവീകരിച്ച് ഇത് ശൗചാലയസമുച്ചയമാക്കി. ടൈൽപാകി കുളിമുറികളും ഫാൻ തുടങ്ങിയ സൗകര്യങ്ങളും ക്രമീകരിച്ചു. കൂടുതൽ വെള്ളം കൊള്ളുന്ന ടാങ്കും സംരക്ഷണവേലിയും ഉൾപ്പെടെ ഒരുക്കി ശൗചാലയം ക്രമീകരിക്കുകയായിരുന്നു. ശൗചാലയം വൃത്തിയായി സൂക്ഷിക്കാനും അത്യാവശ്യക്കാർക്കായി തുറന്നുകൊടുക്കാനും ചുമതലക്കാരേയും ഏർപ്പെടുത്തി. ആദ്യം നല്ല രീതിയിൽ പ്രവർത്തനം നടന്നെങ്കിലും പിന്നീടെല്ലാം താറുമാറായി.
തൊട്ടടുത്തുള്ള സാസ്കാരിക നിലയത്തിന്റെ മുകൾനില ശബരിമല ഇടത്താവളമായി പ്രവർത്തിച്ചിരുന്നപ്പോൾ ശൗചാലയസമുച്ചയം അയ്യപ്പഭക്തർക്ക് പ്രയോജനപ്രദമായി. സ്ഥിരം ജീവനക്കാരില്ലാതായതോടെ വർഷങ്ങൾക്ക് മുൻപ് ശൗചാലയസമുച്ചയത്തിന് പൂട്ടുവീണു. ആരും തിരിഞ്ഞുനോക്കാതായതോടെ പരിസരമാകെ വളർന്ന കാട് ശൗചാലയത്തെ മൂടുന്നനിലയിലായി.
മത്സ്യലേലം നടക്കുന്ന സ്ഥലമായതിനാൽ മത്സ്യപ്പെട്ടികൾ ഉയർത്തി അടുക്കിയത് ശൗചാലത്തെ മറയ്ക്കുന്ന നിലയിലാക്കി. ദുർഗന്ധം സഹിച്ച് 'പെട്ടിമതിലുകൾ'ക്കിടയിലൂടെ നടന്നുചെന്നാൽ മാത്രമേ ശൗചാലയം ഇപ്പോൾ കാണാനാകൂ. പുറത്തെ കാട് നീക്കം ചെയ്തും മത്സ്യപ്പെട്ടികൾ മാറ്റി പരിസരം വൃത്തിയാക്കുകയും ചെയ്താൽ ഇത് വീണ്ടും ഉപയോഗിക്കാനാകും. കല്ലുംകടവിൽ എത്തുന്നവർക്കും യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുകയും ചെയ്യും.