ശൗചാലയങ്ങൾ ഇങ്ങനെ പോരാ...

കൊല്ലം : വിദ്യാർഥികൾ ദിവസത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് സ്‌കൂളുകളിലാണ്. അതിനാൽ വീടുപോലെതന്നെ അവർക്ക് ഇടപഴകാനാകുന്നയിടമാകണം സ്‌കൂളുകൾ.

എന്നാൽ, അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാനാകാതെ വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങൾ ബുദ്ധിമുട്ടുന്നത് അധികൃതർ കാണുന്നില്ല. വൃത്തിഹീനമായ ശൗചാലയങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നതിൽ ആൺ-പെൺ വ്യത്യാസവുമില്ല. പരിഹാരം കണ്ടെത്താൻ തയ്യാറാകാത്തിടത്തോളം കുട്ടികൾ ആരോഗ്യപ്രശ്‌നങ്ങളുമായി മുന്നോട്ടുപോകും.

വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും പ്രതികരിക്കുന്നു…

ശുചീകരണത്തൊഴിലാളികളെ നിയമിക്കണം

വൃത്തിഹീനമായ ശൗചാലയങ്ങൾ കാരണം പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ബുദ്ധിമുട്ടിലാണ്. കാലം മാറിയിട്ടും സർക്കാർസ്കൂളുകളിലെ ശൗചാലയങ്ങൾക്കു മാത്രം മാറ്റമില്ല. ശുചീകരണത്തിനായി ഒരു തൊഴിലാളിയെ നിയമിക്കേണ്ടതുണ്ട്. അവധിക്കാലത്ത് ശൗചാലയങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി കുട്ടികൾക്ക് ഉപയോഗപ്രദമാക്കണം.

ബിന്ദു

രക്ഷിതാവ്, തങ്കശ്ശേരി

ശൗചാലയങ്ങളും സ്മാർട്ടാകണം

ക്ലാസ് റൂമുകൾ സ്മാർട്ടാകുന്നതുപോലെതന്നെ ശൗചാലയങ്ങളും സ്മാർട്ടാകണം. കുട്ടികൾക്ക് മാനസികസമ്മർദമില്ലാതെ പഠനം തുടരാൻ ഇതാവശ്യമാണ്. സ്‌കൂളിലെ ശൗചാലയപരിസരത്ത് മൂക്കുപൊത്താതെ പോകാനാകില്ല. കാടുപിടിച്ച പരിസരങ്ങളിൽ ഭയരഹിതരായി പോവുകയെന്നത് പ്രയാസകരമാണ്. ഉപയോഗിച്ച സാനിറ്ററി പാഡുകൾ നിർമാർജനംചെയ്യാനുള്ള സൗകര്യവുമില്ല.

ഒരു സ്‌കൂൾ വിദ്യാർഥിനി

കൊല്ലം

ആരോഗ്യപ്രശ്നങ്ങൾക്ക്‌ ഇടയാക്കും

മൂത്രമൊഴിക്കാതെ മണിക്കൂറുകളോളം കഴിയുന്നത് പെൺകുട്ടികളിൽ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. സാനിറ്ററി നാപ്കിനുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗവും പ്രധാനമാണ്. അശ്രദ്ധ മൂലം വന്ധ്യത, അണുബാധ തുടങ്ങിയവയ്ക്കും സാധ്യതയേറെയാണ്.

ഡോ. എൻ.ആർ. റീന

ബോധവത്കരണം വീടുകളിൽനിന്നു തുടങ്ങണം

പെൺകുട്ടികൾ ആവശ്യത്തിനു വെള്ളം കുടിക്കുന്നതിനും ശൗചാലയങ്ങൾ ശുചിയായി ഉപയോഗിക്കുന്നതിനുമുള്ള ബോധവത്കരണം വീടുകളിൽനിന്നുതന്നെ നൽകണം. ഓരോരുത്തരും വൃത്തിയായി ശൗചാലയം ഉപയോഗിക്കുന്നതും പ്രധാനമാണ്. ഇതിനു കർശനമായ നിർദേശം നൽകണം. സ്‌കൂളുകളിൽത്തന്നെ സാനിറ്ററി നാപ്കിൻ ലഭിക്കാനുള്ള സൗകര്യമുണ്ടാകണം.

അമൃതാ കമൽ

അധ്യാപിക, ഡി.വി.വി.എച്ച്.എസ്.എസ്., തലവൂർ

ഏറെ ആശങ്കാജനകം

വിദ്യാലയങ്ങളിലെ ശുചിമുറികളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള വാർത്ത വളരെ ആശങ്കാജനകമാണ്. വിദ്യാർഥികളുടെ ആരോഗ്യവും മാനസികസുഖവും ഉറപ്പാക്കുന്നതിൽ ശുചിത്വമുള്ള ശുചിമുറികൾക്ക് വലിയ പങ്കുണ്ട്. വിദ്യാഭ്യാസം നൽകുന്നതിനൊപ്പം കുട്ടികളുടെ അടിസ്ഥാനാവശ്യങ്ങളും ആരോഗ്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം വിദ്യാലയങ്ങൾക്കും അധികൃതർക്കുമുണ്ട്. ഈ പ്രശ്‌നത്തിന് അടിയന്തരപരിഹാരം കണ്ടെത്തി എല്ലാ കുട്ടികൾക്കും മാന്യവും ആരോഗ്യകരവുമായ പഠനാന്തരീക്ഷമൊരുക്കണം.

ദീപാ ഗോപിനാഥ്

അധ്യാപിക, എസ്.വി.വി. എച്ച്.എസ്.എസ്., താമരക്കുടി

ശൗചാലയമുണ്ട് പക്ഷേ...

ഞങ്ങളുടെ സ്‌കൂളിൽ ശൗചാലയങ്ങളുണ്ട്. പക്ഷേ, അത് ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. മറ്റൊരെണ്ണമുള്ളത് കുറ്റിയും പിടിച്ചിരിക്കേണ്ട സ്ഥിതിയാണ്. അതുകൊണ്ട് ശങ്ക തോന്നിയാലും മിക്കപ്പോഴും പോകില്ല. വെള്ളം കുടിക്കാതിരിക്കും.

ആദ്യഗായതി

വിദ്യാർഥിനി

അധ്യാപകരുടെയും സ്ഥിതി ഇതുതന്നെ

അൻപതിലധികം അധ്യാപികമാരുള്ള സ്‌കൂളിൽ അവർക്ക് ഉപയോഗിക്കാൻ രണ്ട് ശൗചാലയങ്ങൾ മാത്രമാണുള്ളത്. വാഷ് ഏരിയയിൽ നിറയെ ടാപ്പുകളുണ്ട്. പക്ഷേ, ഉപയോഗത്തിലുള്ളത് നാലെണ്ണം മാത്രം. വിദ്യാർഥികളെപ്പോലെതന്നെ യൂറിനറി ഇൻഫെക്‌ഷൻ നേരിടുന്നവരാണ് മിക്ക അധ്യാപകരും.

അധ്യാപിക

കൊല്ലം വിദ്യാഭ്യാസ ജില്ല

മൂന്നുകോടിയുടെ പദ്ധതി

വിദ്യാലയങ്ങളിലും പൊതുയിടങ്ങളിലും വിദ്യാർഥികൾ അനുഭവിക്കുന്ന ശൗചാലയങ്ങളുടെയും വിശ്രമമുറികളുടെയും അപര്യാപ്തത ഗൗരവത്തോടെയാണ് കാണുന്നത്. പൊതുവിദ്യാലയങ്ങളിൽ അത്യാധുനിക രീതിയിലെ ശൗചാലയങ്ങൾ നിർമിക്കാൻ മൂന്നുകോടി രൂപയുടെ പദ്ധതികളാണ് ആരംഭിച്ചത്. പദ്ധതിപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

എസ്.ആർ. അരുൺ ബാബു,

വൈസ് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത്