വീടും പരിസരവും മാത്രമല്ല, നാടും വൃത്തിയാക്കണം-ബിന്ദു കൃഷ്ണ

കൊല്ലം : ശുചിത്വമനോഭാവത്തിൽ മാറ്റമുണ്ടാകണമെന്നും വീടും പരിസരവും മാത്രമല്ല, നാടും വൃത്തിയാക്കണമെന്നും മന്ത്രി ബിന്ദു കൃഷ്ണ. അന്താരാഷ്ട്ര തീരദേശ ശുചീകരണദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച മെഗാ ശുചീകരണയത്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

‘സ്വച്ഛത ഹി സേവ 2026’ ജില്ലാതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. വിഷ്ണു മോഹൻ എം.എൽ.എ. അധ്യക്ഷനായി. മേയർ എ.കെ. ഹഫീസ് ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കളക്ടർ ആനി ജൂലാ തോമസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ, കൗൺസിലർമാരായ വിൻസി ബൈജു, എസ്. ധന്യ, എൻ.സി. ഇ.എസ്.എസ്. ശാസ്ത്രജ്ഞൻ രമേശ് മാടിപ്പള്ളി, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ എസ്. സുബോധ് എന്നിവർ പങ്കെടുത്തു.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, ജില്ലാ ഭരണകൂടം, കൊല്ലം കോർപ്പറേഷൻ, തദ്ദേശസ്വയംഭരണവകുപ്പ്, ജില്ലാ ശുചിത്വ മിഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബീച്ചിലെ കാർ പാർക്കിങ് ഏരിയ മുതൽ ടെട്രാപോഡ്‌ വരെ 10 മേഖലകളായി തിരിച്ച് ശുചീകരിച്ചു. ഹരിതകർമസേനാംഗങ്ങൾ, കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ, എൻ.എസ്.എസ്., എസ്.എ.എഫ്., എഫ്.സി.ഡി.പി. സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെടെ അഞ്ഞൂറിലേറെ പേർ പങ്കാളികളായി.

ശേഖരിച്ച മാലിന്യം തരംതിരിച്ച് കുരീപ്പുഴയിലുള്ള റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിക്ക് കൈമാറി. വിവിധ കോളേജുകളിലെ വിദ്യാർഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.