ഡോക്ടർമുക്ക്-പഞ്ചായത്ത് ഓഫീസ് ജങ്ഷൻ ഭാഗത്തെ അപകടങ്ങൾ തടയാൻ നടപടി വേണ്ടേ ...

പൂതക്കുളം : പരവൂർ-പാരിപ്പള്ളി റോഡിൽ ഡോക്ടർമുക്കുമുതൽ പഞ്ചായത്ത് ഓഫീസ് ജങ്ഷൻവരെയുള്ള ഭാഗത്തെ അപകടങ്ങൾ തടയാൻ നടപടിയില്ല.കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ പത്തോളം ഇരുചക്രവാഹനയാത്രികർക്ക് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
അതിലേറേപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രണ്ടാഴ്ചമുൻപും ഡോക്ടർമുക്കിലെ വളവിൽ ഇരുചക്രവാഹനയാത്രികനായ യുവാവ് അപകടത്തിൽ മരിച്ചു.
അതിനുതൊട്ടുമുൻപ് ഇരുചക്രവാഹനത്തിലെത്തിയ മൂന്നുയുവാക്കൾക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ പരിക്കേറ്റു. പഞ്ചായത്ത് ഓഫീസിന് മുൻവശത്തും ഹൈസ്കൂൾ ജങ്ഷൻ റോഡ് വന്നുചേരുന്ന ഭാഗത്തും തുടരെ അപകടങ്ങളാണ്.
ഡോക്ടർമുക്ക് ജങ്ഷനും പഞ്ചായത്ത് ഓഫീസിനും ഇടയിലെ വളവിൽ റോഡിന് നടുവിലെ ജലവിതരണവകുപ്പിന്റെ വാൽവ് ചേമ്പറും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് സമീപത്തേക്ക് ഇടിച്ചുകയറുകയാണ്.
രാപകൽ ഭേദമില്ലാതെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തേണ്ടിവരുന്നതിനാലാണ് കുറേപേരുടെ ജീവൻ രക്ഷപ്പെടുത്താനാകുന്നത്.
ഒരുവർഷംമുൻപ് റോഡുസുരക്ഷാ അതോറിറ്റി സ്ഥലം സന്ദർശിച്ചിരുന്നു.
അപകടങ്ങൾ കുറയ്ക്കാൻ ബോർഡ് സ്ഥാപിക്കുമെന്നും സിഗ്നൽലൈറ്റും കാൽനടയാത്രക്കാർക്ക് നടപ്പാതയൊരുക്കുമെന്നും അന്ന് അറിയിച്ചിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല. റോഡിന്റെ വളവ് മാറ്റിയെടുക്കുകയാണ് അപകടം കുറയ്ക്കാനുള്ള ഏക മാർഗം.എം.എൽ.എ.മുക്ക് റോഡിൽനിന്നു പ്രവേശിക്കുന്ന വാഹനങ്ങൾ ആലിന്റെമൂട്ടിൽനിന്നു വൺവേ തെറ്റിച്ച് റോഡിലേക്ക് കയറുന്നതും അപകടഭീഷണിയാണ്.