വീണ്ടും ജീവനെടുത്ത് പുനലൂരിൽ കലുങ്കുനിർമാണം

പുനലൂർ : ഒരിക്കൽക്കൂടി ജീവൻ കവർന്ന് പുനലൂരിൽ മരാമത്തുവകുപ്പിന്റെ കലുങ്ക് നിർമാണം. പുനരുദ്ധാരണം നടന്നുവരുന്ന ചെമ്മന്തൂർ-നരിക്കൽ റോഡിലെ ചെമ്മന്തൂരിൽ നിർമിക്കുന്ന കലുങ്കിന്റെ കുഴിയിൽ ബൈക്ക് മറിഞ്ഞാണ് ഇക്കുറി ജീവാപായം. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം. ചെമ്മന്തൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ആരംപുന്ന തടത്തിൽവീട്ടിൽ മനോജ്കുമാറി(45)നാണ് ജീവൻ നഷ്ടമായത്.
ഏഴുവർഷംമുൻപ് മലയോര ഹൈവേ നിർമാണം നടക്കുന്നതിനിടെ പുനലൂർ ഫയർസ്റ്റേഷനു മുന്നിൽ കലുങ്ക് നിർമിക്കാനെടുത്ത ആഴമുള്ള കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് കരവാളൂർ സ്വദേശിയായ യുവാവ് മരിച്ചിരുന്നു. സമാനരീതിയിലുള്ള അപകടമാണ് കഴിഞ്ഞദിവസം ചെമ്മന്തൂരിലും യുവാവിന്റെ ജീവനെടുത്തത്.
കലുങ്ക് നിർമിക്കുന്നിടത്ത് അപകടം തടയാൻ ആവശ്യമായ മുൻകരുതൽ ഇല്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വീപ്പയും നാടയുംകൊണ്ട് ഒരുക്കിയ മുന്നറിയിപ്പ് സംവിധാനങ്ങൾ അപകടം ഫലപ്രദമായി തടയാൻ പര്യാപ്തമായില്ല. ഈ അനാസ്ഥയ്ക്ക് പകരംനൽകേണ്ടിവന്നത് ഒരു ജീവനാണ്.
2019-ൽ മലയോര ഹൈവേ നിർമാണം നടന്നുവരുമ്പോൾത്തന്നെ മരാമത്തുവകുപ്പിന്റെ അനാസ്ഥ സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു. ഫയർ സ്റ്റേഷനു മുന്നിലെടുത്ത കുഴിയിൽത്തന്നെ ഒട്ടേറെ അപകടം നടക്കുകയും ചെയ്തിരുന്നു. കരവാളൂർ സ്വദേശിയായ യുവാവ് ഇവിടെ അപകടത്തിൽ മരിക്കുന്നതിന് ആറുമാസംമുൻപ് മണിയാർ സ്വദേശികളായ രണ്ടു യുവാക്കൾക്ക് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞദിവസം അപകടമുണ്ടായ ചെമ്മന്തൂർ-നരിക്കൽ റോഡിന്റെ പുനരുദ്ധാരണം ഒരുവർഷത്തിനുശേഷവും പൂർത്തിയാക്കിയിട്ടില്ല. ചെമ്മന്തൂർമുതൽ കോക്കാടുവരെ 7.5 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡാണ് ഒരുവർഷത്തിനുശേഷവും പൂർത്തിയാകാത്തത്. പലയിടത്തും പാതയുടെ വശങ്ങളിൽ വലിയ സംരക്ഷണഭിത്തി നിർമിക്കേണ്ടിവന്നതാണ് പ്രവൃത്തി വൈകിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. നിർമാണകാലാവധി ഏപ്രിലിൽ അവസാനിച്ചിരുന്നെങ്കിലും ഓഗസ്റ്റ് 31 വരെ നീട്ടിനിൽകിയിരുന്നു.