‘പൊളി’ ഷോപ്പിങ് അനുഭവം

ചാത്തന്നൂർ : കാലപ്പഴക്കംകൊണ്ട് പൊളിഞ്ഞുവീഴാറായ നിലയിലാണ്, കല്ലുവാതുക്കൽ പഞ്ചായത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകളിലൊന്നായ പാരിപ്പള്ളി ജങ്ഷനിലെ ഷോപ്പിങ് കോംപ്ലക്‌സ്. കെട്ടിടത്തിന് 40 വർഷത്തോളം പഴക്കമുണ്ട്. നാളുകളായി കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്ന നിലയിലുള്ള ഈ കെട്ടിടസമുച്ചയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.

കാലപ്പഴക്കവും സുരക്ഷാ ആശങ്കകളും

വർഷങ്ങൾ പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് മുൻപും ചർച്ചകൾ നടന്നിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കെട്ടിടം പൊളിച്ചുനീക്കാൻ ആലോചിച്ചെങ്കിലും എൻജിനിയറിങ് വിദഗ്ധരുടെ പരിശോധനയിൽ നിലവിൽ അതിനുള്ള സാഹചര്യമില്ലെന്നാണ് റിപ്പോർട്ട് ലഭിച്ചത്.

മറ്റൊരു സമിതിയെക്കൊണ്ട് ബലക്ഷയം പുനഃപരിശോധിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രധാന ആവശ്യം.

വാടകയും വരുമാനവും: പരിഷ്‌കരണങ്ങൾ അനിവാര്യം

കെട്ടിടത്തിന്റെ സുരക്ഷയ്‌ക്കൊപ്പംതന്നെ പഞ്ചായത്തിനു ലഭിക്കുന്ന വരുമാനത്തിലെ അപര്യാപ്തതയും ചർച്ചയാകുന്നുണ്ട്. ആരംഭകാലത്തെ തുച്ഛമായ വാടകയാണ് ഇത്രയുംകാലമായി തുടർന്നുവരുന്നത്. വർഷാവർഷം ചെറിയ ശതമാനം വർധന മാത്രമാണുണ്ടായിട്ടുള്ളത്.

പാരിപ്പള്ളിയിലെ സ്വകാര്യസ്ഥാപനങ്ങൾ ഭീമമായ തുകയും വാടകയും ഈടാക്കുമ്പോൾ, പഞ്ചായത്തുകടകളിൽ പലതിനും ഇപ്പോഴും വളരെ കുറഞ്ഞ വാടകയാണു ലഭിക്കുന്നത്. അതേസമയം, കോടതിവിധിയുടെ അടിസ്ഥാനത്തിൽ നടന്ന റീ-ലേലത്തിലൂടെ ഈ കോംപ്ലക്‌സിലെ ഒരു ബേക്കറി 50,000 രൂപയ്ക്കു മുകളിൽ വാടക നൽകുന്നുണ്ടെന്നത് പുനർനിർണയങ്ങളുടെ സാധ്യതകളിലേക്കു വിരൽചൂണ്ടുന്നു.

ലേലത്തിൽ പിടിക്കുന്നവരിൽ ചിലർ ഉയർന്ന ദിവസവാടകയ്ക്ക് മറ്റു വ്യക്തികൾക്ക് മറുകച്ചവടം നടത്തുന്നതായും ആക്ഷേപമുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ വാടകക്കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ വരുന്ന കാലതാമസവും പഞ്ചായത്തിന്റെ വരുമാനത്തെ ബാധിക്കുന്നുണ്ട്. നോട്ടീസുകൾ മടങ്ങിവരുന്ന സാഹചര്യമൊഴിവാക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.