തെന്മലയിൽ കൂറ്റൻ മരം ദേശീയപാതയിലേക്ക് വീണു

തെന്മല :കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെന്മലയിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയാണ് തെന്മല ഇരുപതേക്കറിൽ ദേശീയപാതയോരത്തു നിന്ന മരം പാതയിലേക്ക് പതിച്ചത്. ബൈക്കും ചരക്കുലോറികളും ഉൾപ്പെടെ കടന്നുപോയതിനു പിന്നാലെയാണ് ശക്തമായ കാറ്റിനൊപ്പം മരം നിലംപൊത്തിയത്.

വാർഡ് അംഗങ്ങളായ ആരോമൽ, സന്തോഷ്, രാഷ്ട്രീയകക്ഷി നേതാക്കളായ തെന്മല ശശിധരൻ, വി.എസ്.മണി, സുരേഷ് എന്നിവർ സ്ഥലത്തെത്തി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും വാഹനങ്ങൾ പത്തേക്കർ-ഡാം പാതയിലൂടെ തിരിച്ചുവിടുകയും ചെയ്തു.

സ്ഥലത്തെത്തിയ വനം, ദേശീയപാതാ അധികൃതരോട് അപകടഭീഷണിയിലായ മരം മുറിച്ചുമാറ്റാത്തതു ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചു. കൂറ്റൻ മരം നിലംപൊത്തിയത് ഗൗരവത്തോടെയാണ് കാണേണ്ടതെന്നും ഇത്തരത്തിലുള്ള മരങ്ങൾ മുറിച്ചുനീക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു. വൈകീട്ട് അഞ്ചോടെയാണ് മരം പൂർണമായും മുറിച്ചുമാറ്റിയത്.

അപകടമരങ്ങൾ മുറിച്ചുമാറ്റണം

:ദേശീയപാതയോരത്ത്‌ ഒട്ടേറെ മരങ്ങൾ അപകടാവസ്ഥയിലുള്ളപ്പോഴും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല. പരാതി നൽകി നാളുകളായാലും നടപടി സ്വീകരിക്കുന്നില്ല.

-വി.എസ്.മണി

സി.പി.എം. ഏരിയ കമ്മിറ്റി അംഗം