അന്താരാഷ്ട്ര ദുരന്തലഘൂകരണദിനം: കളക്ടറേറ്റിൽ മോക് ഡ്രിൽ നടത്തി

കൊല്ലം : യുദ്ധംപോലുള്ള അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള മുന്നൊരുക്കം ഉറപ്പുവരുത്താൻ അന്താരാഷ്ട്ര ദുരന്തലഘൂകരണദിനത്തിൽ കളക്ടറേറ്റിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി അടിയന്തരസാഹചര്യങ്ങൾ നേരിടാൻ രാജ്യത്തുടനീളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സിവിൽ ഡിഫൻസ് മോക് ഡ്രില്ലിന്റെ ഭാഗമായി 'വ്യോമാക്രമണവും അതുമൂലം സംഭവിക്കുന്ന അഗ്നിബാ ധയും കെട്ടിടങ്ങളുടെ തകർച്ചയും' എന്ന സാങ്കൽപ്പികസാഹചര്യം മുൻനിർത്തിയായിരുന്നു മോക് ഡ്രിൽ.വൈകീട്ട് മൂന്നോടെ വ്യോമാക്രമണം നടന്നതായി സൂചിപ്പിച്ച് ആദ്യ സൈറൺ മുഴങ്ങിയതോടെ മോക് ഡ്രില്ലിന് തുടക്കമായി. കളക്ടർ ആനി ജൂലാ തോമസിന്റെ മേൽനോട്ടത്തിൽ അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ദുരന്തനിവാരണവിഭാഗത്തിന്റെ നേതൃത്വത്തിലാണ് മോക് ഡ്രിൽ നടന്നത്.തുടർന്നു നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിലെ സംഘങ്ങളെ നയിച്ച ഉദ്യോഗസ്ഥർ ഓരോ വിഭാഗവും സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. ഫയർ എക്സ്റ്റിങ്ഗ്വിഷർ ഉപയോഗിക്കുന്നതിന് ജീവനക്കാർക്ക് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രായോഗികപരിശീലനവും നൽകി.എ.ഡി.എമ്മിന്റെ ചുമതലവഹിക്കുന്ന എസ്. സനോബ്, ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ്, കൊല്ലം സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി. ആർ. രാജേഷ്‌കുമാർ, കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒ. എം. സരിത, ബോംബ് സ്‌ക്വാഡ് എസ്.ഐ. കെ. ജയമോഹൻ, ഡോഗ് സ്‌ക്വാഡ് എ.എസ്.ഐ. ശ്രീകുമാർ, ചാമക്കട അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എ. ഷാജഹാൻ, ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ലിജിമോൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേം ജി. പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.