അമ്പലക്കടവ് പാലത്തിലെടാറിങ് പൂർത്തിയായി

കുളത്തൂപ്പുഴ :ശാസ്താക്ഷേത്രത്തിനു മുന്നിലെ അമ്പലക്കടവ് പഴയ പാലത്തിന്റെ നവീകരണം പൂർത്തിയായതോടെ യാത്രക്കാരുടെ ദുരിതത്തിന് അറുതിയായി. ഏറെനാളത്തെ പരാതികൾക്കും വിവാദങ്ങൾക്കുമൊടുവിൽ കഴിഞ്ഞദിവസമാണ് പാലം ടാറിങ് നടത്തി യാത്രാക്ലേശം പരിഹരിച്ചത്.
അയ്യപ്പഭക്തരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം-ചെങ്കോട്ട അന്തസ്സംസ്ഥാനപാതയിൽ തെന്മലമുതൽ കുളത്തൂപ്പുഴ ക്ഷേത്രംവരെ നടക്കുന്ന മണ്ഡലകാല നവീകരണപ്രവർത്തനങ്ങളുെട ഭാഗമായാണ് പാലത്തിന്റെ ടാറിങ് പൂർത്തിയാക്കിയത്.
അമ്പലക്കടവ് പാലത്തിൽ കുണ്ടുംകുഴിയുംനിറഞ്ഞ് യാത്രക്കാർക്ക് ദുരിതമായിട്ടും പൊതുമരാമത്ത് വിഭാഗം ഒന്നും ചെയ്യാത്തത് പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. തുടർന്ന് സി. അജയപ്രസാദ് എം.എൽ.എ. സ്ഥലംസന്ദർശിച്ച് ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് പാലം നവീകരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയായിരുന്നു.
അമ്പതേക്കർ, ആറ്റിനു കിഴക്കേക്കര, ആമക്കുളം, ചെമ്പനഴികം നിവാസികളുടെയും വില്ലുമല, പേരാംകോവിൽ, വട്ടക്കരിക്കം, കുളമ്പി, പെരുവഴിക്കാല തുടങ്ങിയ ആദിവാസി ഉന്നതികളിലും കുളത്തൂപ്പുഴ ക്ഷേത്രത്തിലും എത്തുന്നതിനുമുള്ള യാത്രാദുരിതമാണ് ടാറിങ് പൂർത്തിയായതോടെ പരിഹരിക്കപ്പെട്ടത്. പുതിയ പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കി നാടിനു സമർപ്പിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നതെന്ന് എം.എൽ.എ. പറഞ്ഞു.