ലിപി സരസ്വതിപൂജയൊരുക്കി കാമൻകുളങ്ങര ക്ഷേത്രം

ചവറ : വിജയദശമിദിനത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർക്ക് ശങ്കരമംഗലം കാമൻകുളങ്ങര മഹാദേവക്ഷേത്രത്തിൽ ലിപി സരസ്വതിപൂജയ്ക്കുള്ള സൗകര്യമൊരുക്കി. സരസ്വതിമണ്ഡപത്തിൽ ലിപിപൂജയിൽ പങ്കടുക്കാൻ ഒട്ടേറെ ഭക്തരെത്തി. നാലുപതിറ്റാണ്ടായി ക്ഷേത്രസംരക്ഷണസമിതിയും മാതൃസമിതിയും സംയുക്തമായി ക്ഷേത്രത്തിൽ ലിപി സരസ്വതിപൂജ ആചരിച്ചുവരികയാണ്.
മണ്ഡപത്തിന്റെ ഇരുവശത്തുമായി പൂജയിൽ പങ്കെടുത്തവരെ ഇരുത്തി അക്ഷരദേവിയെ സ്തുതിച്ചശേഷം അരി നിറച്ച പാത്രത്തിൽ പഴയ മലയാളലിപി എഴുതുന്ന ചടങ്ങാണ് ലിപി സരസ്വതിപൂജ. പ്രായഭേദമെന്യേ കൊച്ചുകുട്ടികൾമുതൽ മുതിർന്നവർവരെ ലിപി സരസ്വതിപൂജയിൽ പങ്കെടുത്തു.
മണ്ഡപത്തിൽ ഭക്തർക്ക് കാണത്തക്കവിധം അക്ഷരങ്ങൾ എഴുതിസജ്ജമാക്കിയിരുന്നു. ലിപി സരസ്വതിപൂജയ്ക്ക് ആധ്യാത്മികാചാര്യൻ കെ.ജി. മാധവൻപിള്ള മുഖ്യകാർമികത്വം വഹിച്ചു. എല്ലാ വിജയദശമിദിനത്തിലും കാമൻകുളങ്ങര ക്ഷേത്രത്തിൽ നടത്തുന്ന വിശേഷമായ ചടങ്ങാണ് ലിപി സരസ്വതിപൂജ.
ക്ഷേത്രം പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി തുളസീധരൻനായർ, ഖജാൻജി മോഹനൻ, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഭാരവാഹി കെ.ജി. രാമചന്ദ്രൻപിള്ള എന്നിവരുൾപ്പെടുന്ന ഭരണസമിതി പരിപാടിക്ക് നേതൃത്വം നൽകി.