കുഴികൾ നിറഞ്ഞ് ഒല്ലാൽ സമാജം ബൈപ്പാസ്; വലഞ്ഞ് യാത്രികർ

മഴപെയ്താൽ വെള്ളക്കെട്ട് രൂക്ഷം
പരവൂർ :ഒല്ലാൽ സമാജം ബൈപ്പാസിൽ കുഴികൾ നിറഞ്ഞതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.സമാജത്തിനു മുൻവശം മുതൽ െറയിൽവേ ഗേറ്റിനു സമീപംവരെയാണ് ഇടവിട്ട് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ചെറിയ മഴപെയ്താൽപോലും ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകും.
ഒന്നരവർഷം മുമ്പ് ടാർചെയ്ത റോഡിന്റെ മിക്ക ഭാഗങ്ങളും ഇതിനോടകം പൊളിഞ്ഞു. ഗുരുമന്ദിരത്തിനു മുൻവശത്ത് വീണ്ടും കുഴികളായിട്ടുണ്ട്. ഇരുചക്രവാഹനയാത്രികരുൾെപ്പടെ ബുദ്ധിമുട്ടിലാണ്.പരവൂരിൽ ഏറ്റവും തിരക്കുള്ളതാണ് സമാജം-ഒല്ലാൽ െറയിൽവേ ഗേറ്റ് ബൈപ്പാസ്.
ബസുകൾക്കുൾെപ്പടെ പാരിപ്പള്ളി റോഡിൽ പ്രവേശിക്കാനുള്ള പ്രധാന വഴിയാണിത്. പണി നടക്കുന്നതിനാൽ ഒരാഴ്ചത്തേക്ക് ഒല്ലാൽ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. അതോടെ വാഹനത്തിരക്കും രൂക്ഷമായി. സ്വകാര്യ ബസുകൾക്ക് സമയനഷ്ടവും ഉണ്ടാകുന്നുണ്ട്.
ദയാബ്ജി ജങ്ഷൻ-കൂനയിൽ റോഡിലൂടെ ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്.ഏറെ പ്രതിഷേധങ്ങൾക്കുശേഷമാണ് ഒല്ലാൽ ബൈപ്പാസ് ഒന്നരവർഷം മുമ്പ് നന്നാക്കിയത്.
എന്നാൽ സമാജം ഓഡിറ്റോറിയത്തിന്റെ പിന്നിലുള്ള റോഡിന്റെ ഭാഗം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. മുമ്പ് കെ.എസ്.ഇ.ബി. കേബിളുകൾ കുഴിച്ചിടാൻ റോഡ് മുറിച്ചത് പൂർവസ്ഥിതിയിലാക്കിയിട്ടുമില്ല.