കാറുകൾക്കുമീതെ മരക്കൊമ്പ് വീണു, ഡ്രൈവർ രക്ഷപ്പെട്ടു

ഒരു കാറിന് കാര്യമായ കേടുപാട്

പുനലൂർ : നിർത്തിയിട്ടിരുന്ന കാറുകൾക്കുമീതെ കൂറ്റൻ മരക്കൊമ്പ് ഒടിഞ്ഞുവീണു. കാറുകളിലൊന്നിലുണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ പുനലൂർ ഹൈസ്‌കൂൾ ജങ്ഷനിൽ ആമക്കുളത്തിനോടു ചേർന്ന് വെള്ളിയാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. ജല അതോറിറ്റി ജീവനക്കാരന്റെ കാറും നെല്ലിപ്പള്ളി കല്ലാർ സ്വദേശിയുടെ ടാക്‌സി കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ടാക്‌സി കാറിലെ ഡ്രൈവറാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഈ കാറിന് കാര്യമായ കേടുപാടുണ്ട്.

കൂറ്റൻ ബദാം മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്. ഈസമയം മഴയോ കാറ്റോ ഉണ്ടായിരുന്നില്ല. ജല അതോറിറ്റി ജീവനക്കാരന്റെ കാർ സ്ഥിരമായി ഈ മരത്തിനു കീഴെയാണ് നിർത്തിയിടാറുള്ളത്. ടാക്‌സി കാർ മരത്തിനു കീഴിലായി നിർത്തിയിടാൻ ശ്രമിക്കുമ്പോഴാണ് കൊമ്പ് ഒടിഞ്ഞുവീണത്.

സ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടി ചില്ലകൾ നീക്കിയശേഷമാണ് ഡ്രൈവർക്ക് പുറത്തിറങ്ങാനായത്. പിന്നീട് പുനലൂർ ഫയർ‌സ്റ്റേഷനിൽനിന്ന് സേനാംഗങ്ങൾ എത്തി ചില്ലകൾ മുറിച്ചുനീക്കി രണ്ടു കാറുകളും പുറത്തെടുത്തു.

മണ്ഡലകാലമായതോടെ നിരന്തരം വാഹനങ്ങൾ പോകുന്ന പാതയിലാണ് ഈ അപകടം. ഇതരസംസ്ഥാനക്കാരായ തീർഥാടകരുടെ വാഹനങ്ങൾ ശബരിമലയ്ക്ക് പോകുന്നത് ഈ പാത വഴിയാണ്. മണ്ഡലകാലത്തിനു മുന്നോടിയായി പാതകളിലെ അപകടനിലയിലുള്ള മരങ്ങളും കൊമ്പുകളും നീക്കണമെന്ന് അവലോകനയോഗത്തിൽ അധികൃതർ നിർദേശം നൽകിയിരുന്നെങ്കിലും ഇത് പൂർണമായി നടപ്പാക്കിയിരുന്നില്ല.