കലോത്സവ ഊട്ടുപുരയിൽ വിഭവസമൃദ്ധമായ സദ്യ

കൊല്ലം: കലയുടെ ആവേശത്തിനൊപ്പം രുചിയുടെ വിരുന്നൊരുക്കാൻ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുര ഒരുങ്ങി. അഞ്ച് ദിവസവും പായസമുൾപ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ഒരുക്കുന്നത്.
ചിന്നക്കട-കടപ്പാക്കട റോഡിലെ സി.എസ്.ഐ. കൺവെൻഷൻ സെന്ററിൽ സജ്ജമാക്കിയ ഊട്ടുപുരയിൽ ഞായറാഴ്ച വൈകീട്ട് പാലുകാച്ചൽ നടന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി നിർവഹിച്ചു.
കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തോടെയാണ് വിതരണം ആരംഭിക്കുക. ആദ്യദിനം രണ്ടായിരത്തോളം പേർക്കുള്ള ഭക്ഷണം തയ്യാറാക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും രാത്രിയും ആയിരത്തോളം പേർക്കുവീതവും ഉച്ചയ്ക്ക് നാലായിരത്തിലധികം പേർക്കും ഭക്ഷണം നൽകും. തിങ്കളാഴ്ച വൈകീട്ട് ചായയും പലഹാരവും വിതരണംചെയ്യും. ചൊവ്വാഴ്ചമുതൽ വ്യാഴാഴ്ചവരെ മൂന്നുനേരവും ഭക്ഷണമുണ്ടാകും. വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കുമാണ് ഭക്ഷണം.
തിങ്കളാഴ്ച സേമിയ പായസത്തോടൊപ്പം അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, പുളിശ്ശേരി എന്നിവയടങ്ങിയ സദ്യ. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും അടപ്രഥമനും ബുധനാഴ്ച കടലപ്പായസവും വെള്ളിയാഴ്ച ഗോതമ്പുപായസവും നൽകും. പുട്ട്-കടലക്കറി, ഉപ്പുമാവ്-കടലക്കറി, ഇഡ്ഡലി-സാമ്പാർ എന്നിവയാണ് പ്രഭാതഭക്ഷണ വിഭവങ്ങൾ.
ഇത്തവണ രക്ഷിതാക്കൾക്കും ഭക്ഷണം നൽകാൻ ക്രമീകരണമൊരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് മൂന്ന് കൗണ്ടറുകളുണ്ടാകും. ഉപജില്ലാ അധികൃതർ വഴിയാണ് പാസ് വിതരണംചെയ്യുക. ഹരിത പ്രോട്ടക്കോൾ പാലിച്ചായിരിക്കും ഭക്ഷണവിതരണം. വിവിധ സ്കൂളുകളുടെ ബസുകളിൽ വേദികളിൽനിന്ന് കുട്ടികളെ ഭക്ഷണശാലയിലെത്തിക്കാനും ക്രമീകരണമുണ്ട്. പത്തനംതിട്ട ഓമല്ലൂരിലെ അനിൽ ബ്രദേഴ്സിനാണ് ഭക്ഷണമൊരുക്കാനുള്ള ചുമതല.
ഭക്ഷണത്തിന്റെ ഗുണമേന്മയും സമയബദ്ധമായ വിതരണവും ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ഫുഡ് കമ്മിറ്റി കൺവീനർ സാജൻ അറിയിച്ചു.
Content Highlights: A lavish vegetarian feast with different varieties of payasam is set for the Kollam district school kalolsavam at CSI Convention Centre.