കൊല്ലം ജില്ലാ സ്‌കൂൾ കലോത്സവം നാളെമുതൽ

LOGO
LOGO

കൊല്ലം: 12 ഉപജില്ലകളിൽനിന്നുള്ള 7,715 പ്രതിഭകൾ പങ്കെടുക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. തേവള്ളി ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളാണ് പ്രധാന വേദി. തിങ്കളാഴ്ച 8.30-ന് വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി പതാക ഉയർത്തും.

തുടർന്ന് ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസം, സംസ്‌കൃതോത്സവം, അറബിക് സാഹിത്യോത്സവം എന്നിവ നടക്കും. വൈകീട്ട് മൂന്നിന് പ്രധാനവേദിയിൽ മന്ത്രി ബിന്ദുകൃഷ്ണ കലോത്സവം ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം വെള്ളിയാഴ്ച മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്. ഷാജി, കൗൺസിലർ മാജിത വഹാബ്, പബ്ലിസിറ്റി കൺവീനർ സക്കറിയ മാത്യു നല്ലില, ജോയിന്റ്‌ കൺവീനർ പി.ടി. ശ്രീകുമാർ, എസ്. സന്തോഷ്‌കുമാർ, എസ്. രാധാകൃഷ്ണപിള്ള, കെ. സജീവ്കുമാർ തുടങ്ങിയവർ അറിയിച്ചു.

ഭക്ഷണശാലയിലേക്ക് വാഹനം

കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്നത് ചിന്നക്കട സി.എസ്.ഐ കൺവെൻഷൻ സെന്ററിലാണ്. വേദികളിൽനിന്ന് ഭക്ഷണശാലയിലേക്ക് വിവിധ സ്‌കൂളുകളിലെ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.

സ്വാഗതഗാനം അധ്യാപകർ വക

ജില്ലാ കലോത്സവത്തിന്റെ സ്വാഗതഗാനം ചിട്ടപ്പെടുത്തിയതും അധ്യാപകരാണ്. മങ്ങാട് ജി.എച്ച്.എസ്.എസിലെ മലയാളം അധ്യാപിക വി. ജിജി ജാസ്മിന്റേതാണ് വരികൾ. സംയുക്ത കലാ അധ്യാപക കൂട്ടായ്മയാണ് ഗാനം ചിട്ടപ്പെടുത്തിയത്.

ഊട്ടുപുരയിൽ പാലുകാച്ചൽ ഇന്ന്

കലോത്സവത്തിന്റെ കലവറയായ ചിന്നക്കട സി.എസ്.ഐ. ഹാളിൽ ഞായറാഴ്ച വൈകീട്ട് മൂന്നിന് ഊട്ടുപുരയിൽ പാലുകാച്ചൽ ചടങ്ങ് നടക്കും. ഉച്ചഭക്ഷണത്തിന് മൂന്ന് കൗണ്ടറുകൾ ഉണ്ടാകും. ചൊവ്വാഴ്ച രാവിലെമുതൽ പ്രഭാതഭക്ഷണവും ഉണ്ടാകും.

Content Highlights: The Kollam district school kalolsavam begins on Monday with over 7,700 students competing across multiple venues.