ഡി.വൈ.എഫ്.ഐ. ഹൃദയതാളം തുടങ്ങി

ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'ഹൃദയതാളം' പ്രഥമശുശ്രൂഷ പരിശീലനം സംസ്ഥാന പ്രസിഡന്റ്‌ ചിന്താ ജെറോം ഉദ്‌ഘാടനം ചെയ്യുന്നു
ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'ഹൃദയതാളം' പ്രഥമശുശ്രൂഷ പരിശീലനം സംസ്ഥാന പ്രസിഡന്റ്‌ ചിന്താ ജെറോം ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് പ്രഥമശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ ഡി.വൈ.എഫ്.ഐ. നടപ്പാക്കുന്ന ‘ഹൃദയതാളം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുന്നവർക്കും ഹൃദയസ്തംഭനം ഉണ്ടാകുന്നവർക്കും വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുമുൻപ് ശാസ്ത്രീയമായ സി.പി.ആർ. നൽകി പുതുജീവൻ പകരാൻ ജില്ലയിലെ യുവാക്കൾക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി.

ജില്ലാ പരിശീലനം അഞ്ചൽ സഹകരണബാങ്ക്‌ ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ ചിന്താ ജെറോം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം. ഹരികൃഷ്ണൻ അധ്യക്ഷനായി. 200 പേർക്ക്‌ പരിശീലനം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മറ്റ്‌ 17 ബ്ലോക്കിലും പരിശീലനം സംഘടിപ്പിക്കും. പ്രൊഫഷണൽ സബ്‌ കമ്മിറ്റി ജില്ലാ കൺവീനർ ഡോ. അനീഷ്‌ കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഐ.എം.എ. ജില്ലാ ട്രഷറർ ഡോ. ടി. കിരൺകുമാർ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ശ്യാംമോഹൻ, ജില്ലാ സെക്രട്ടറി ടി.ആർ. ശ്രീനാഥ്‌, സംസ്ഥാന കമ്മിറ്റി അംഗം എസ്‌. ശ്യാം, ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം ഷൈൻ ബാബു, കെ. അബാദ്‌ ഫാഷ, ദേവിക രാമചന്ദ്രൻ, രാംരാജ്‌, എ. അഭിലാഷ്‌, ഡോ. യു.എസ്. നിത്യ, ഡി. വിശ്വസേനൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: DYFI has launched its Hridayathalam initiative in Kollam to train youth in administering CPR during medical emergencies such as cardiac arrests.