വെള്ളം തിളയ്ക്കുന്ന ചൂട് എത്ര? സിറിഞ്ച്കൊണ്ടൊരു പരീക്ഷണം...

അച്ഛൻ അച്ഛമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ പോകാനൊരുങ്ങുകയാണ്. അച്ഛന്റെ മഴക്കോട്ടും ഹെൽമെറ്റുമെല്ലാമെടുത്ത് സഹായിയായി ഗൗതം ഒപ്പമുണ്ട്.
അച്ഛൻ പോയപ്പോൾ അമ്മു ചോദിച്ചു: ''എന്തായിരുന്നു അച്ഛനെ ഒരു സോപ്പിടൽ?''
''അച്ഛൻ വരട്ടെ അപ്പോൾ കാണാം.''
ഗൗതം പരീക്ഷണശാലയിലേക്ക് നടന്നു.
തിരിച്ചുവന്ന അച്ഛന്റെ കയ്യിൽ വ്യത്യസ്ത വലുപ്പത്തിലുള്ള രണ്ടുമൂന്ന് പുതിയ സിറിഞ്ചുകൾ ഉണ്ടായിരുന്നു. അവയുടെ സൂചികൾ മാറ്റിയശേഷം അച്ഛൻ അവ ഗൗതമിന് നൽകി.
''ഇതെന്തിനാ നിനക്ക് സിറിഞ്ചുകൾ?'', അമ്മു ഗൗതമിന് പിന്നാലെ കൂടി.
''പരീക്ഷണശാലയിലേക്ക് അത്യാവശ്യമുള്ള ഉപകരണങ്ങളാണ് സിറിഞ്ചുകൾ.
നമുക്ക് അടുക്കളയിൽ പോയി ഒരു പരീക്ഷണം ചെയ്താലോ?''
ഗൗതം സിറിഞ്ചുമെടുത്ത് അടുക്കളയിലെത്തി.
ചായ തിളപ്പിക്കുന്ന പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വെച്ചു.
''അമ്മുച്ചേച്ചീ, എത്ര ഡിഗ്രി സെൽഷ്യസിലാണ് വെള്ളം തിളയ്ക്കുക?'' അവൻ ചോദിച്ചു.
''നൂറ് ഡിഗ്രി സെൽഷ്യസിൽ.''
അമ്മ ഉടൻ മറുപടി പറഞ്ഞു.
''അതിലും താഴ്ന്ന താപനിലയിലും വെള്ളം തിളയ്ക്കും. ഞാൻ കാണിച്ചുതരാം.'' ഗൗതം പറഞ്ഞു. എന്നിട്ട് അവൻ തന്റെ കയ്യിലെ തെർമോമീറ്റർ വെള്ളത്തിലേക്ക് താഴ്ത്തി.
തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് അളന്നു. നൂറ് ഡിഗ്രി സെൽഷ്യസായിരുന്നു അത്.
തീ കെടുത്തി അല്പസമയത്തിനുശേഷം അവൻ വെള്ളത്തിന്റെ ഊഷ്മാവ് പിന്നെയും അളന്നു.
അപ്പോൾ താപനില നൂറ് ഡിഗ്രിയിലും താഴെയായിരുന്നു.
തന്റെ കയ്യിലെ സൂചി മാറ്റിയ സിറിഞ്ചിൽ കാൽഭാഗം വെള്ളമെടുത്തു. സിറിഞ്ചിലെ ദ്വാരം വിരൽകൊണ്ട് അമർത്തിപ്പിടിച്ചു.
എന്നിട്ട് പിസ്റ്റൺ മുകളിലേക്ക് വലിച്ചു.
സിറിഞ്ചിലുള്ള വെള്ളം പിന്നെയും തിളയ്ക്കാൻതുടങ്ങി. ധാരാളം കുമിളകൾ ഉണ്ടായിത്തുടങ്ങി.
അമ്മു അദ്ഭുതത്തോടെ സിറിഞ്ചിലേക്ക് നോക്കി.
''ഈ വെള്ളത്തിന് ചൂട് 100 ഡിഗ്രി ഇല്ലല്ലോ. ഇത് തിളയ്ക്കുന്നതെന്തുകൊണ്ടാ?''
അവൾ ചോദിച്ചു.
''അമ്മുച്ചേച്ചീ, ജലത്തിന്റെ തിളനില (തിളയ്ക്കുന്ന ഊഷ്മാവ്) മർദവുമായി ബന്ധപ്പെട്ടിരിക്കുന്നു. മർദം കുറയുമ്പോൾ തിളനിലയും കുറയും. മർദം കുറഞ്ഞാൽ നൂറ് ഡിഗ്രിയിൽ താഴെയും ജലം തിളയ്ക്കും.
സിറിഞ്ചിന്റെ ദ്വാരം അടച്ചുപിടിച്ച് പിസ്റ്റൺ മുകളിലേക്ക് വലിക്കുമ്പോൾ സിറിഞ്ചിനുള്ളിലെ മർദം കുറയും.
മർദം കുറഞ്ഞതുകൊണ്ടാണ് സിറിഞ്ചിനുള്ളിലെ വെള്ളം തിളച്ചത്.
ഉയരമുള്ള പർവതങ്ങൾക്ക് മുകളിൽ ജലം വളരെ താഴ്ന്ന താപനിലയിൽ തിളയ്ക്കും. കാരണം അവിടെ മർദം കുറവാണ്.''
''മർദം കൂടിയാൽ തിളനില കൂടുമോ?'', അമ്മു ചോദിച്ചു.
''മർദം കൂടിയാൽ ജലം തിളയ്ക്കുന്ന ഊഷ്മാവും കൂടും. പ്രഷർകുക്കറിൽ അതാണ് സംഭവിക്കുന്നത്. പ്രഷർകുക്കറിനുള്ളിൽ മർദം കൂടുതലാണ്. ഏകദേശം നൂറ്റിയിരുപത് ഡിഗ്രി സെൽഷ്യസിലാണ് അതിനുള്ളിൽ ജലം തിളയ്ക്കുക. ഉയർന്ന ചൂടുള്ളതുകൊണ്ടാണ് പ്രഷർകുക്കറിൽ സാധനങ്ങൾ വേഗം വേവുന്നത്.'' ഗൗതം പറഞ്ഞു.
Content Highlights: Water can boil at temperatures lower than 100°C when atmospheric pressure is reduced