''മാന്ത്രികജലംകൊണ്ടൊരു മാജിക്: വയലറ്റ് കാബേജ് പരീക്ഷണം കാണണമെങ്കിൽ വേഗം വന്നോളൂ....''

#സുമേഷ് തോട്ടത്തില്‍

വയലറ്റ് കാബേജിന്റെ ഗുണഗണങ്ങളെക്കുറിച്ചാണ് ഗൗതം രണ്ടുദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ പറഞ്ഞുപറഞ്ഞ് അമ്മയെക്കൊണ്ട് ഒരു ചെറിയ വയലറ്റ് കാബേജ് വാങ്ങിപ്പിച്ചു.

വീട്ടിലെത്തിയ ഉടനെ വയലറ്റ് കാബേജിന്റെ ഒരു ഇല അടർത്തിയെടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കി. അത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചു. തണുത്തശേഷം അത് അരിച്ച് ഒരു കുപ്പിയിലാക്കി. പിന്നെ പരീക്ഷണമൂലയിൽനിന്ന് വിനാഗിരിയും ചുണ്ണാമ്പ് വെള്ളവും എടുത്തു. ഹോംലാബിലെ രണ്ട് ചില്ലുഗ്ലാസുകൾ എടുത്തു. ഒരു ഗ്ലാസിൽ വിനാഗിരി കാൽ ഭാഗം ഒഴിച്ചു. രണ്ടാമത്തെ ഗ്ലാസിൽ അതേ അളവിൽ ചുണ്ണാമ്പുവെള്ളവും എടുത്തു. രണ്ടും എടുത്തുവെച്ചശേഷം അവൻ അമ്മുച്ചേച്ചിയെ വിളിച്ചു.

''മാന്ത്രികജലംകൊണ്ടൊരു മാജിക് കാണണമെങ്കിൽ വേഗം വാ.''

അമ്മു എത്തിയപ്പോൾ അവൻ പറഞ്ഞു: ''രണ്ടു ഗ്ലാസിൽ പച്ചവെള്ളം കണ്ടില്ലേ. ഇതാ ഈ മാന്ത്രിക ജലം അതിൽ ഒഴിച്ചാൽ എന്തു സംഭവിക്കും?''കാബേജ് വെള്ളം ഉയർത്തിക്കാണിച്ചുകൊണ്ട് ഗൗതം ചോദിച്ചു.

''നീ ഒഴിക്ക്. കാണാമല്ലോ.'' അമ്മു പറഞ്ഞു.

ഗൗതം കുറച്ച് കാബേജ് വെള്ളം വിനാഗിരിയിലേക്ക് ഒഴിച്ചു.

അത് മനോഹരമായ പിങ്ക് നിറമായി മാറി.

പിന്നെ ഗൗതം കാബേജ് വെള്ളം ചുണ്ണാമ്പുവെള്ളത്തിലേക്ക് ഒഴിച്ചു. നിറം മാറ്റം കണ്ടപ്പോൾ അമ്മു അദ്ഭുതംകൊണ്ട് വായ പൊളിച്ചു. മനോഹരമായ പച്ചനിറമാണ് ഗ്ലാസിലെ വെള്ളത്തിനിപ്പോൾ.

''ഇതെങ്ങനെയാ നിറം മാറിയത്?'' അവൾചോദിച്ചു

''മന്ത്രമല്ല. മായമല്ല. മായാജാലമല്ല.'' ഗൗതം പറഞ്ഞു.

''പിന്നെ എന്താ?'' അമ്മുവിന് ദേഷ്യം വന്നു.

''ചേച്ചി ചൂടാവേണ്ട. ഈ വയലറ്റ് കാബേജുവെള്ളം ഒരു സൂചകമാണ്. അത് ആസിഡിൽ പിങ്ക് നിറം കാണിക്കും. ആൽക്കലിയിൽ മനോഹരമായ പച്ചനിറവും. ആസിഡിന്റെയും ആൽക്കലിയുടെയും ശക്തിക്കനുസരിച്ച് നിറം വ്യത്യാസപ്പെടുകയും ചെയ്യും.''

''അതെയോ, എങ്കിൽ നമുക്കൊന്നു പരീക്ഷിച്ചു നോക്കിയാലോ? നാരങ്ങാനീരും പുളിയും ഒക്കെ ആസിഡ് അല്ലേ? സോപ്പുവെള്ളവും ചാരംകലക്കി തെളിയിച്ച വെള്ളവും ആൽക്കലിയും അല്ലേ? അവയുപയോഗിച്ച് നമുക്ക് നിറംമാറ്റം ഒന്ന് നോക്കിയാലോ?''

''ശരിയാ. നമുക്ക് അത് ചെയ്തു നോക്കാം.'' ഗൗതമും അമ്മുവും ആസിഡും ആൽക്കലിയും സംഘടിപ്പിക്കാൻ ഇറങ്ങി.

Content Highlights: Step-by-step guide to making a natural pH indicator from violet cabbage.