അറിയുമോ, മങ്കടയുടെ സ്വന്തം വായനശാലയെ?

#ഡോ.ശിവദാസൻ.പി

വൈദേശികഭരണത്തിനെതിരേ നടന്ന രാഷ്ട്രീയസമരങ്ങൾ മാത്രമായിരുന്നില്ല നമ്മുടെ സ്വാതന്ത്ര്യസമരം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളിലൂന്നിയ ഒരു പുതുതലമുറയെ നിർമിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടംകൂടിയായിരുന്നു. ഇതിന് അനുയോജ്യമായ രീതിയിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പുതുവെളിച്ചം വിതറിയത് വായനശാലകളാണ്. ഇന്നത്തെ മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറത്ത് 1935-ൽ ആരംഭിച്ച 'യൂണിയൻ വായനശാല' അതിനൊരു ഉദാഹരണമാണ്.

ദൂരസ്ഥലങ്ങളിലെ കോളേജുകളിലും മറ്റും പഠിച്ച് ഗ്രാമങ്ങളിൽ തിരിച്ചെത്തിയ യുവതലമുറ, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ തുടങ്ങിയ പൊതുസ്ഥാപനമായിരുന്നു വായനശാല. വായനയ്ക്കൊപ്പം ചർച്ചകളും പ്രഭാഷണങ്ങളും കൈയെഴുത്തുമാസിക നടത്തിപ്പും ഇവിടെ നടന്നു. മങ്കട പള്ളിപ്പുറത്തെ യൂണിയൻ വായനശാല നടത്തിയിരുന്ന കൈയെഴുത്തുമാസികയുടെ പേര് 'മൈത്രി' എന്നായിരുന്നു. കഥകളും കവിതകളും വൈജ്ഞാനിക ലേഖനങ്ങളും എഴുതിയിരുന്ന മൈത്രി പ്രവർത്തകർ വായനശാലയിലെ നിത്യസാന്നിധ്യമായി. ദേശീയസ്വാതന്ത്ര്യസമരത്തിന് പ്രചാരംകൊടുക്കുന്നതിനായി 'സത്യം, സമത്വം, സ്വാതന്ത്ര്യം' എന്നീ ആദർശങ്ങൾക്കുവേണ്ടി 'യൂണിയൻ വായനശാല' നിലകൊണ്ടു. സ്വദേശിവസ്തുക്കൾ ഉപയോഗിക്കുക, ഹിന്ദിഭാഷ പഠിക്കുക, ജാതിവ്യത്യാസങ്ങൾക്കും തൊട്ടുകൂടായ്മയ്ക്കുമെതിരേ പ്രവർത്തിക്കുക തുടങ്ങിയ പുരോഗമനശീലങ്ങൾ വായനശാലയിലെത്തിയവർ ജീവിതത്തിൽ പകർത്തി.

Content Highlights: Established in 1935 in Mankada Pallippuram., Promoted ideals of freedom, equality, and fraternity during the independence movement