സരസുകളുടെ അപ്സരനൃത്തം; ചില രസികൻ വിശേഷങ്ങൾ അറിഞ്ഞാലോ?

വടക്കേ ഇന്ത്യയിൽ കണ്ടുവരുന്ന ഒരുതരം കൊക്കുകളാണ് സരസ്. ഇവയുടെ നൃത്തം ഒന്നു കാണേണ്ടതുതന്നെയാണ്.
ഉത്തരേന്ത്യയിലെ വയൽപ്പരപ്പുകളിലും നീർത്തടങ്ങളിലുമാണ് ഇന്ത്യയിൽ സരസ് കൊക്കുകളെ കാണുന്നത്. ഇവ പൊതുവെ മനുഷ്യരെ കണ്ടാൽ പേടിച്ച് പറന്നുപോവാറില്ല. പറക്കുന്ന പക്ഷികളിൽവെച്ച് ഏറ്റവും നീളം കൂടിയവയാണ് ഇവ. ഏകദേശം 180 സെന്റി മീറ്റർ നീളമുണ്ടാകും സരസ് കൊക്കുകൾക്ക്. അതായത് നേരേ നിന്നാൽ ഒരു മനുഷ്യന്റെ ഉയരം!
ഇണചേരുന്ന സമയത്തുള്ള ഇവയുടെ നൃത്തം ഏറെ രസകരമാണ്. ആൺപക്ഷിയും പെൺപക്ഷിയും ഒരു പ്രത്യേകരീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നു. ആൺപക്ഷി ചിറകുകൾ പാതി വിടർത്തി പെൺപക്ഷിയുടെ അടുത്തേക്ക് നീങ്ങും. ഉടനെ പെൺപക്ഷിയും ചിറകുകൾ വിടർത്തുന്നു. പിന്നെ അവ വായുവിൽ പലവട്ടം പറന്നുയർന്ന് രസിക്കും. പെട്ടെന്ന് ആൺപക്ഷി നിലത്തേക്ക് താണുപറന്ന് ഒരു ഇല കൊത്തിയെടുക്കും. എന്തിനാണെന്നോ, ഈ ഇലയുമായി പറന്നുയർന്ന് ആൺപക്ഷി അത് കൊക്കിൽനിന്നു താഴേക്കിടും. പെൺപക്ഷി അത് താഴെ വീഴാതെ ക്യാച്ച് ചെയ്യണം! അതാണ് ടാസ്ക്. ഇതുകഴിഞ്ഞാൽ പിന്നെ നൃത്തം തുടങ്ങുകയായി. കൊക്കുരുമ്മിയും പറന്നൊഴിഞ്ഞും പലവിധ സ്റ്റെപ്പുകളോടുകൂടിയ ആനന്ദനടനം തന്നെ! ഇതിൽ ചുറ്റുമുള്ള മറ്റെല്ലാ സരസ് കൊക്കുകളും പങ്കെടുക്കുകയും ഇതൊരു സംഘനൃത്തമായി മാറുകയും ചെയ്യുന്നു.
ആൺപക്ഷിയും പെൺപക്ഷിയും ചേർന്നാണ് നിലത്ത് കൂടൊരുക്കുന്നത്. പുല്ലും കമ്പും ചേർത്തുണ്ടാക്കുന്ന കൂടുകൾ കാഴ്ചയിൽ ഒട്ടും ഭംഗിയില്ലാത്തതാണ്. രണ്ടു മുട്ടകളാണ് പെൺപക്ഷി ഇടുക. ഒന്നാമത്തെ മുട്ടയിട്ട് കൃത്യം 48 മണിക്കൂറിനു ശേഷമാണ് രണ്ടാമത്തെ മുട്ടയിടുന്നത്.
നാലാഴ്ച അമ്മപ്പക്ഷി മുട്ടയ്ക്ക് അടയിരിക്കും. മുട്ടവിരിഞ്ഞ് ആദ്യത്തെ കുഞ്ഞ് പുറത്തുവന്ന് രണ്ടുദിവസത്തിനു ശേഷമാണ് അടുത്ത മുട്ട വിരിയുന്നത്. പിന്നെ അമ്മപ്പക്ഷിയും അച്ഛൻ പക്ഷിയും ചേർന്ന് കുഞ്ഞുങ്ങളെ ഇരതേടാൻ പഠിപ്പിക്കും. ചെടികളുടെ വേരുകൾ, കാണ്ഡം, ധാന്യമണികൾ, ചെറുജീവികൾ, പല്ലികൾ എന്നിവയാണ് പ്രധാനമായും സരസ് കൊക്കുകളുടെ ഭക്ഷണം. മൂന്നുമാസം പ്രായമെത്തുന്നതോടെയാണ് പറക്കാറാവുന്ന കുഞ്ഞുങ്ങൾ തനിയെ ജീവിക്കാനാരംഭിക്കുന്നത്.
Content Highlights: Sarus Cranes are the tallest flying birds in the world, reaching heights up to 180 cm.