സാൻഡ് ഡോളറും സാൻഡ്ഫുഡും ; അറിയാം കടലിലെയും മരുഭൂമിയിലെയും അത്ഭുതങ്ങൾ

സാന്‍ഡ്ഫുഡും സാന്‍ഡ് ഡോളറും
സാന്‍ഡ്ഫുഡും സാന്‍ഡ് ഡോളറും

മത്സ്യകന്യകയുടെ നാണയം!
സാൻഡ് ഡോളർ (Sand Dollar) എന്ന കടൽജീവിയാണിത്. സാൻഡ് ബിസ്‌കറ്റ് എന്നും ഇവ അറിയപ്പെടുന്നുണ്ട്. നിറയെ മുള്ളുകളുണ്ടാവും ഇവയുടെ ശരീരത്തിൽ. നാല് ഇഞ്ച് വരെയാണ് സാൻഡ് ഡോളറിന്റെ നീളം. കട്ടിയുള്ള അസ്ഥികൂടമാണ് ഇവയ്ക്കുള്ളത്. അഞ്ച് ഇതളുകൾപോലെയുള്ള പാട് കാണാം സാൻഡ് ഡോളറിന്റെ ദേഹത്ത്. പ്ലവകങ്ങളും ആൽഗെകളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. തെക്കേ അമേരിക്കയിൽ കടൽത്തീരങ്ങളിലാണ് സാധാരണമായി സാൻഡ് ഡോളറിനെ കാണാറ്. തീരത്തടിയുന്ന സാൻഡ് ഡോളറുകളുടെ അസ്ഥികൾ, മത്സ്യകന്യകയുടെ കൈയിൽനിന്ന് കളഞ്ഞുപോയ നാണയങ്ങളാണ് എന്നൊരു കഥയുമുണ്ട്.

ഈ മണലപ്പം കഴിക്കാം!
മണൽത്തിട്ടകളിൽ വളരുന്ന ഒരു സസ്യമാണ് സാൻഡ്ഫുഡ് (Sandfood). വടക്കേ അമേരിക്കയിലുള്ള സൊനോരൻ മരുഭൂമിയിലാണ് ഇവ കാണപ്പെടുന്നത്. സാൻഡ്ഫുഡിന്റെ മാംസളമായ തണ്ട് മണ്ണിനടിയിലാണുള്ളത്. ആറടിവരെ ആഴത്തിൽ ഈ തണ്ട് നീണ്ടുപോകും. മണ്ണിനുമുകളിൽ ഉരുണ്ട കിഴങ്ങുരൂപത്തിലാണ് തണ്ട് കാണുക. അതിൽ പർപ്പിൾ നിറത്തിലുള്ള പൂക്കളുമുണ്ടാവും. ചെറിയ മുള്ളുകൾപോലെ ഇലകളുമുണ്ടാവും. മരുഭൂമിയിലെ മറ്റ് കുറ്റിച്ചെടികളെ ആശ്രയിച്ച് ജീവിക്കുന്ന ഒരു പരാന്നഭോജി സസ്യമാണിത്. വടക്കേ അമേരിക്കയിലെ മരുഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ സാൻഡ്ഫുഡ് ആഹാരമാക്കാറുണ്ട്.

Content Highlights: The Sandfood plant features a fleshy stem that grows up to six feet deep underground., Sand Dollars, also known as Sand Biscuits, are marine creatures with a distinctive five-petal pattern.