ആരോഗ്യം സൂക്ഷിച്ചോ വില്ലൻമാരെത്തി… മഴക്കാലരോഗങ്ങളെക്കുറിച്ച് അറിയാം...

തുമ്പപ്പൂവോളം വലുപ്പമുള്ള മഴത്തുള്ളികൾ വീഴുന്നത് കാണാനും, മഴയത്ത് കടലാസുതോണി ഒഴുക്കാനുമൊക്കെ നമുക്ക് ഒരുപാട് ഇഷ്ടമാണല്ലേ. എന്നാൽ, ഈ കനത്തമഴയ്ക്കൊപ്പം ചില വില്ലൻമാരായ രോഗാണുക്കളും നമ്മുടെയടുത്തേക്ക് വരാൻനോക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും വെള്ളം കെട്ടിക്കിടക്കുന്നതുമാണ് ഇതിന് കാരണം. അല്പം ശ്രദ്ധിച്ചാൽ ഈ വിരുതൻമാരെയെല്ലാം നമുക്ക് പടിക്കുപുറത്ത് നിർത്താം.

ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും
ഡെങ്കിപ്പനി ഉണ്ടാക്കുന്നത് ഡെങ്കി വൈറസും ചിക്കുൻഗുനിയ ഉണ്ടാക്കുന്നത് ചിക്കുൻഗുനിയ വൈറസുമാണ്.

വീട്ടുപറമ്പിലോ സ്‌കൂൾമുറ്റത്തോ കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിൽ മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകുകളാണ് പകൽസമയത്ത് നമ്മളെ കടിച്ച് ഈ വൈറസുകളെ പരത്തുന്നത്. കടുത്ത പനിയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം.

വയറിളക്കരോഗങ്ങൾ
ടൈഫോയ്ഡ് ഉണ്ടാക്കുന്നത് സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ്. ഇതുകൂടാതെ, വയറിളക്കത്തിനുംമറ്റും കാരണമാകുന്നത് റോട്ടാവൈറസ് അല്ലെങ്കിൽ ഇ-കോളി തുടങ്ങിയ അണുക്കളുമാകാം. കിണറ്റുവെള്ളത്തിൽ മലിനജലം കലരുന്നതിലൂടെയും ഈച്ചകൾ വന്നിരുന്ന ആഹാരത്തിലൂടെയുമാണ് ഈ രോഗങ്ങൾ പകരുന്നത്. ഷിഗെല്ലയും ഇതിൽ പ്രധാനമാണ്. മലിനമായ ജലത്തിലൂടെയുംമറ്റുമാണ് ഇത് പടരുന്നത്.

ജലദോഷപ്പനി
ഇൻഫ്ലുവൻസ വൈറസുകളാണ് ഇതിന് കാരണം. വായുവിലൂടെ ഈ വൈറസുകൾ വേഗത്തിൽ പടരുന്നു. രോഗമുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഇത് മറ്റുള്ളവരിലേക്ക് പകരാം.

എലിപ്പനി
ലെപ്റ്റോസ്‌പൈറ എന്ന ഇനം ബാക്ടീരിയങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. എലി, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ മൂത്രം കലർന്ന മലിനജലത്തിലൂടെയോ ചെളിയിലൂടെയോ ആണ് ഈ ബാക്ടീരിയങ്ങൾ പകരുന്നത്. കാലിലെ ചെറിയ മുറിവുകളിലൂടെ ഇവ ശരീരത്തിൽ കടക്കാം. കടുത്ത പനിയും മുട്ടുകാലിലെ പേശീവേദനയുമാണ് ലക്ഷണം.

മഞ്ഞപ്പിത്തം
മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട ജലജന്യരോഗമാണിത്. ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകളാണ് ഇതിന് കാരണം.

മലിനമായ വെള്ളം കുടിക്കുന്നതിലൂടെയും വൃത്തിഹീനമായ കൈകളിലൂടെയും ഈ വൈറസ് ശരീരത്തിലെത്തുന്നു. കടുത്ത ക്ഷീണവും മൂത്രത്തിന് മഞ്ഞനിറവും ഇതിന്റെ ലക്ഷണങ്ങളാണ്.

ജലത്തിലൂടെ മനുഷ്യരിലെത്തുന്ന മറ്റൊരു രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോഴും മറ്റും രോഗാണു ശരീരത്തിലെത്തുന്നു.

കൂട്ടുകാർ ശ്രദ്ധിക്കുമല്ലോ
കൊതുകുവളരുന്ന കേന്ദ്രങ്ങൾ നശിപ്പിക്കാം:
ആഴ്ചയിലൊരിക്കൽ നമ്മുടെ വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ കമഴ്ത്തിവയ്ക്കുക (ഡ്രൈ ഡേ ആചരിക്കാം)

മലിനജലത്തിൽ കളിക്കരുത്: മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലും പറമ്പുകളിലും ഇറങ്ങി കളിക്കരുത്. പുറത്തുപോയി വന്നാൽ കൈയും കാലും സോപ്പിട്ട് കഴുകണം

തിളപ്പിച്ച വെള്ളംമാത്രം: പച്ചവെള്ളം കുടിക്കരുത്. നന്നായി തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. ആഹാരം എപ്പോഴും അടച്ചുവയ്ക്കുക

വസ്ത്രം ശ്രദ്ധിക്കാം: കൊതുകുകടിയേൽക്കാതിരിക്കാൻ ശരീരമാകെ മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക

Content Highlights: Overview of monsoon-related viral and bacterial infections