കാട്ടിലൊരു വീട്: കേരളത്തിലെ പ്രധാനപ്പെട്ട ആദിവാസി സമൂഹങ്ങളെക്കുറിച്ചറിയാം

കേരളത്തിൽ പലയിടങ്ങളിലായി വിവിധവിഭാഗത്തിലുള്ള ആദിവാസികളുണ്ട്

പണിയൻ
കേരളത്തിലെ ആദിവാസികളിൽ ഏറ്റവും കൂടുതൽ ആളുകളുള്ള വിഭാഗമാണ് പണിയൻ. മുൻപ് പണിയന്മാർ വയനാട്ടിലെ ബാണാസുരൻ മലയ്ക്കടുത്തുള്ള ഇപ്പിമലയിലാണ് കഴിഞ്ഞത്. അതിനാൽ ഇപ്പിമല മക്കൾ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.

ഓരോ പണിയ ഊരുകളുടെയും പ്രധാനിയായി ഭൂവുടമ ഒരാളെ നിശ്ചയിക്കും. അയാൾ 'കുട്ടൻ' എന്നാണ് അറിയപ്പെടുന്നത്. ഊരിന്റെ മൂപ്പനെ 'ചെമ്മി' എന്നും വിളിക്കും. കുറെ ഊരുകളുടെ മുഖ്യനെ 'കൊയ്മ' എന്നും വിളിക്കുന്നു. കൃഷിപ്പണികളിൽ ഏർപ്പെട്ടാണ് പണിയന്മാർ കഴിയുന്നത്. മലയാളവും തമിഴും കലർന്ന പണിയഭാഷയിലാണ് ഇവർ സംസാരിക്കുക.

ചോലനായ്ക്കൻ
മലപ്പുറത്തെ നിലമ്പൂരുള്ള കരുളായി, വഴിക്കടവ് എന്നീ വനപ്രദേശങ്ങളിലാണ് ചോലനായ്ക്കൻമാർ കഴിയുന്നത്. ഇവർ ഉൾക്കാടുകളിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. 'ജമ്മ' എന്നാണ് ഇവരുടെ ഊരുകൾ അറിയപ്പെടുന്നത്. ഊരുമൂപ്പനെ 'ജമ്മക്കാരൻ' എന്നാണ് വിളിക്കുന്നത്. ഗുഹകളിലും മറ്റും കഴിഞ്ഞിരുന്ന ചോലനായ്ക്കന്മാർ മുൻപ് പുറംലോകവുമായി ഒരു ബന്ധവും പുലർത്തിയിരുന്നില്ല. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റാണ് ഇവർ വരുമാനം കണ്ടെത്തുന്നത്. വലിയ മുളംകൊട്ട ഉണ്ടാക്കി വിൽക്കുന്നതാണ് മറ്റൊരു വരുമാനസ്രോതസ്സ്. ഈ കുട്ടയെ പൂണി എന്നാണ് വിളിക്കുന്നത്. കന്നഡയും മലയാളവും കലർന്ന പ്രത്യേക ഭാഷയാണ് ചോലനായ്ക്കർ സംസാരിക്കുന്നത്. 400-ഓളം ചോലനായ്ക്കന്മാരെ നിലവിലുള്ളൂ.

ഇരുളർ
പാലക്കാട്ടെ അട്ടപ്പാടിയിലാണ് ഇരുളരുടെ താമസം. റാഗി, തുവര, തിന, ചോളം എന്നിവയൊക്കെയാണ് മുൻപ് ഇരുളർ കൃഷിചെയ്തിരുന്നത്. എന്നാലിപ്പോൾ ആടുവളർത്തലാണ് അവരുടെ പ്രധാന വരുമാനമാർഗം. മല്ലീശ്വരൻ മുടി എന്ന മലയുടെ മുകളിൽ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്ന മല്ലീശ്വരൻ കടവുൾ സ്വാമിയാണ് ഇരുളരുടെ പ്രധാന ആരാധനാമൂർത്തി. ആകർഷകമായ പാട്ടും നൃത്തവും ഇരുളർ തലമുറകൾ കൈമാറി വരുന്നുണ്ട്്. ഇരുള ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്.

അടിയൻ
വയനാട്ടിലാണ് അടിയൻ വിഭാഗക്കാർ കൂടുതൽ കാണുന്നത്. കന്നഡയോട് സാമ്യമുള്ള അടിയ ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ഇവരുടെ ഊര് 'ചെമ്മം' എന്നും ഊരുമൂപ്പൻ 'ചെമ്മക്കാരൻ' എന്നുമാണ് അറിയപ്പെടുന്നത്. കൃഷിത്തൊഴിലാളികളായി കേരളത്തിലും കർണാടകത്തിലും പണിയെടുത്താണ് അടിയർ ഇന്ന് ജീവിക്കുന്നത്. 'ഗദ്ദിക' അടിയരുടെ പ്രശസ്തമായ കലാരൂപമാണ്.

കുറിച്യർ
കുറിക്ക് അമ്പെയ്തു കൊള്ളിക്കാനുള്ള കഴിവാണ് കുറിച്യർക്ക് ഈ പേരു ലഭിക്കാനുള്ള കാരണം. വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗമാണ് കുറിച്യർ. പഴശ്ശിരാജാവിനൊപ്പം ബ്രിട്ടീഷുകാർക്കെതിരേ പൊരുതിയ കുറിച്യപ്പോരാളികളിൽ പ്രമുഖനായിരുന്നു തലയ്ക്കൽ ചന്തു. കൂട്ടുകുടുംബ രീതിയാണ് കുറിച്യരുടേത്. ഇതിനെ 'മിറ്റം' എന്നാണ് വിളിക്കുന്നത്. കുറിച്യർ നിരവധി നാടൻ നെല്ലിനങ്ങൾ കൃഷിചെയ്ത് സംരക്ഷിക്കുന്നുണ്ട്. റാഗി, കാപ്പി, കുരുമുളക്, കവുങ്ങ് എന്നിവയും ഇവർ കൃഷിചെയ്യുന്നു.

കാട്ടുനായ്ക്കൻ
വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാട്ടുനായ്ക്കൻ വിഭാഗത്തിലുള്ളവരെ കാണുന്നത്. കന്നഡയ്ക്ക് സമാനമായ ഭാഷയാണ് ഇവരുടേത്. ഊര് മൂപ്പനെ 'മുത്തൻ' എന്നാണ് വിളിക്കുക. നല്ല വേട്ടക്കാരും വനംകൃഷിക്കാരുമായ കാട്ടുനായ്ക്കൻമാർ തേൻ ശേഖരണത്തിൽ അഗ്രഗണ്യരാണ്. പ്രത്യേക പൂജകൾ നടത്തി വനദേവതയോടും തേനിച്ചയോടും അനുവാദം ചോദിച്ച ശേഷമാണ് വൻ മരങ്ങളിൽ കയറി ഇവർ തേനെടുക്കുന്നത്.

കാണിക്കാർ
'കാണി'എന്നാൽ ഭൂമി എന്നും 'കാരൻ' എന്നാൽ ഉടമയെന്നുമാണ് കാണി ഭാഷയിൽ അർഥം. അപ്പോൾ കാണിക്കാരൻ എന്നാൽ 'ഭൂമിയുടെ ഉടയോൻ' എന്നാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിന് സമീപത്തുള്ള ചില ഭാഗങ്ങളിലും കാണുന്ന ആദിവാസികളാണ് കാണിക്കാർ. അപൂർവ സസ്യങ്ങളെ തിരിച്ചറിയാനും ഇവയിൽനിന്ന് ഔഷധങ്ങളുണ്ടാക്കാനും കാണിക്കാർ വിദഗ്ധരാണ്. കാണിക്കാർ പാരമ്പര്യമായി ഉപയോഗിച്ചിരുന്ന 'ആരോഗ്യപ്പച്ച' എന്ന മരുന്നുചെടിയിൽനിന്ന് തിരുവനന്തപുരത്തെ പാലോടുള്ള ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 'ജീവനി' എന്ന ഔഷധം വികസിപ്പിച്ചിരുന്നു. ഈ മരുന്ന് വിറ്റ് കിട്ടുന്ന പണത്തിന്റെ ലാഭവിഹിതം, ആര്യവൈദ്യഫാർമസി എന്ന കമ്പനി കാണിക്കാർക്ക് നൽകുന്നുണ്ട്. 'കാണിഭാഷ'യിലാണ് കാണിക്കാർ സംസാരിക്കുന്നത്.

Content Highlights: Detailed profile of major Kerala tribes including Paniyan, Cholanayakkan, and Irular.