ഇന്ത്യയിലൊരു ജുറാസിക് വേൾഡ്! അത്ഭുതപ്പെടുത്തുന്ന ദിനോസർ ഫോസിൽ കണ്ടെത്തലുകൾ

പത്ത് ടൺ അസ്ഥി! 
ഇന്ത്യയിൽ ആദ്യമായി ദിനോസർ ഫോസിൽ കണ്ടെത്തിയത് 1828-ലാണ്. 1877-ൽ ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനും ഭൗമശാസ്ത്രജ്ഞനുമായ റിച്ചാർഡ് ലിഡെക്കർ ഈ ദിനോസർ ജനുസ്സിന് ടൈറ്റനോസോറസ് എന്ന് പേരിട്ടു. ഏതാണ്ട് പൂർണമായ ദിനോസർ അസ്ഥികൂടം ഇന്ത്യയിൽനിന്ന് ആദ്യമായി കണ്ടെത്തിയത് 1961-ൽ തെലങ്കാനയിലെ ആദിലാബാദ് ജില്ലയിൽനിന്നാണ്. അവിടെ നിന്ന് പത്ത് ടൺ അസ്ഥികൾ ലഭിച്ചു. പത്തുവർഷംകൊണ്ട് അതിൽനിന്ന് ഒരു ദിനോസറിന്റെ അസ്ഥികൂടം ചേർത്തുവയ്ക്കാൻ കഴിഞ്ഞു. ഇത് കൊൽക്കത്തയിലെ ഐ.എസ്.ഐ. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നൊബേൽസമ്മാനജേതാവ് രബീന്ദ്രനാഥ് ടാഗോറിനോടുള്ള ബഹുമാനാർഥം ബരാപാസോറസ് ടാഗോരി എന്നാണ് ഇതിന് പേര് നൽകിയത്.

ഇരട്ടമുട്ട!
ആഴ്ചകൾക്കുമുൻപ് മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് ഒരു ദിനോസർ ഫോസിൽ കണ്ടെത്തി. ഒരു മുട്ടയുടെ ഉള്ളിൽ മറ്റൊന്നുകൂടി അടങ്ങുന്ന 'ഇരട്ടമുട്ട'യുടെ ഫോസിലാണ് അവിടെനിന്ന് കിട്ടിയത്. ഇത്തരമൊരു ദിനോസർ മുട്ട കണ്ടെത്തുന്നത് ലോകത്തുതന്നെ ആദ്യമായാണ്!

ഇരപിടിക്കുന്ന ഫോസിൽ!
1984-ൽ ഗുജറാത്തിലെ ധോലി ഡുൺഗ്രി ഗ്രാമത്തിൽനിന്ന് ലഭിച്ച ഫോസിലിനെ കുറിച്ച് ആഴത്തിൽ പഠിച്ച ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവാണ്. ഒരു ദിനോസർകുഞ്ഞിനെ വാപിളർത്തി തിന്നാൻ ശ്രമിക്കുന്ന, ഒരു ഭീമാകാരൻ പാമ്പിന്റെ അവശിഷ്ടമാണ് അതെന്ന് അവർ കണ്ടെത്തി. കൃത്യം ഇരപിടിക്കുന്ന സമയത്ത് ഒരു പ്രകൃതി ദുരന്തം ഉണ്ടാവുകയും അതോടെ ആ 'രംഗം' ഒരു ഫോസിലായി മാറുകയും ചെയ്തു!

ഭീമൻ പല്ലി!
ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ദിനോസറായി പല ശാസ്ത്രജ്ഞരും കണക്കാക്കുന്നത് ബ്രുഹത്കയോസോറസ് (Bruhathkayosaurus) എന്ന ദിനോസറിനെയാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽനിന്നാണ് ഇതിന്റെ ഫോസിൽ കണ്ടെത്തിയത്. 'വലിയ ശരീരമുള്ള പല്ലി' എന്നാണ് Bruhathkayosaurus-ന്റെ അർഥം.

ദിനോസർ രാജ!
മാംസഭുക്കായ വലുപ്പമേറിയ ദിനോസറാണ് രാജാസോറസ്. ഗുജറാത്തിൽ നർമദാനദിയുടെ താഴ്‌വരയിൽ നിന്നാണ് ഇവയുടെ ഫോസിൽ കണ്ടെടുത്തത്. രാജാസോറസിന്റെ നെറ്റിയിൽ വിചിത്രമായ ഒരു കൊമ്പ് ഉണ്ടായിരുന്നു. തലയിൽ കിരീടംപോലെയുള്ള എല്ലിന്റെ ഒരാവരണവും. അതിനാലാണ് രാജാ എന്ന പേര് കിട്ടിയത്.

Content Highlights: First dinosaur fossil in India was found in 1828 and named Titanosaurus by Richard Lydekker